അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; ഇസ്രഈലിലെ ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
India
അനാവശ്യ യാത്രകള്‍ ഒഴിവാക്കണം; ഇസ്രഈലിലെ ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം
രാഗേന്ദു. പി.ആര്‍
Thursday, 15th January 2026, 10:21 pm

ന്യൂദല്‍ഹി: ഇറാനിലെ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇസ്രഈലിലെ ഇന്ത്യക്കാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. ഇസ്രഈലിലെ ഇന്ത്യന്‍ എംബസിയുടേതാണ് മുന്നറിയിപ്പ്.

സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എംബസി അറിയിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇസ്രഈലിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

അടിയന്തിര ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാനും എംബസിയുടെ ഹെല്‍പ് ലൈനുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും എംബസി അറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം ഇറാനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസിയും നിര്‍ദേശിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം.

സ്റ്റുഡന്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയവും നിര്‍ദേശിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ഇസ്രഈലിലെ ഇന്ത്യക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. അതേസമയം ആഭ്യന്തര യുദ്ധം തുടരുന്ന ഇറാനില്‍ രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി (HRANA)യുടെ കണക്ക് പ്രകാരം പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ കുറഞ്ഞത് 2,500 പേര്‍ കൊല്ലപ്പെടുകയും 1,100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഇറാനിലെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെങ്കില്‍ പ്രതിഷേധക്കാര്‍ക്ക് ആയുധം നല്‍കുന്നതില്‍ നിന്നും ഇസ്രഈലിനെ തടയണമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടിരുന്നു.

ഇസ്രഈല്‍ അമേരിക്കയെ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും ഇസ്രഈല്‍ എപ്പോഴും യു.എസിനെ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അരാഗ്ചി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: India has issued an advisory for Indian nationals in Israel on Iran issue

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.