വാഷിങ്ടൺ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനിടെയാണ് ട്രംപിന്റെ വാദം.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതിലുള്ള ആശങ്കയും
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ നടത്തുന്ന യുദ്ധത്തിന് ഇതൊരു സഹായകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ ഉന്നയിച്ചിരുന്നെന്നും ട്രംപ് പറഞ്ഞു.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് പെട്ടെന്ന് നിർത്താൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും കുറച്ചു സമയമെടുത്തതാണെങ്കിലും അത് അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
‘റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനല്ല. റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന ഉറപ്പ് അദ്ദേഹം എനിക്ക് തന്നിട്ടുണ്ട്. ഇത് ഉടനടി നടത്താൻ കഴിയില്ലെങ്കിലും തീർച്ചയായും ഇത് അവസാനിക്കും,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ഇതേ കാര്യം ചൈനയെകൊണ്ടും ചെയ്യിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ വിശ്വസിനീയ പങ്കാളിയാണോ എന്ന ചോദ്യത്തിന് നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്തതാണെന്നും തങ്ങൾ തമ്മിൽ നല്ല ബന്ധമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ വാദത്തെ ഇന്ത്യൻ എംബസി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ടും അല്ലാതെയും എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപിച്ച്, യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 50 ശതമാനമായി ഉയർത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ പരാമർശം.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നെന്ന് യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞിരുന്നു.
ഡൊണാൾഡ് ട്രംപിനെയും മോദിയുടെയും നേതൃത്വത്തിൽ ഇരുരാജ്യങ്ങളുടെയും ഭാവിയെക്കുറിച്ച് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും ട്രംപ് മോദിയെ ഒരു സുഹൃത്തായാണ് കാണുന്നതെന്നും ഗോർ കൂട്ടിച്ചേർത്തിരുന്നു.
Content Highlight: India has agreed to stop buying oil from Russia; Trump claims