ഇന്ത്യാ ഗേറ്റ് പ്രതിഷേധത്തില്‍ മാവോയിസ്റ്റ് കേസ്; പൊലീസ് മര്‍ദ്ദനം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 22 വിദ്യാര്‍ത്ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
India
ഇന്ത്യാ ഗേറ്റ് പ്രതിഷേധത്തില്‍ മാവോയിസ്റ്റ് കേസ്; പൊലീസ് മര്‍ദ്ദനം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 22 വിദ്യാര്‍ത്ഥികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th November 2025, 9:00 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ദല്‍ഹി പൊലീസ് കോടതിയില്‍.

കേസില്‍ മൂന്ന് മലയാളികളുള്‍പ്പെടെ 22 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ പാലപ്പിള്ളി എരങ്കടത്തില്‍ ഹൗസില്‍ അക്ഷയ്, മലപ്പുറം പരപ്പനങ്ങാടി ചേങ്ങാട്ട് ഹൗസില്‍ സമീര്‍ ഫായിസ്, കാസര്‍കോട് പരവനടക്കം കളത്തില്‍ ഹൗസില്‍ വാഫിയ ഉള്‍പ്പെടെയുള്ള 22 പേര്‍ക്കെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.

രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകളിലായാണ് 22 പേരെ അറസ്റ്റ് ചെയ്തത്. 16 പേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസും ആറ് പേരെ കര്‍ത്തവ്യപഥ് പൊലീസ് സ്‌റ്റേഷനിലും ഒരു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയായതായി വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം കോടതി നിരസിച്ചു.

images from Delhi protest November 23rd

പ്രതിഷേധം അക്രമാസക്തമായി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് തുടക്കത്തില്‍ പൊലീസ് ഉന്നയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാവോയിസ്റ്റ് ആരോപണങ്ങളും പൊലീസ് ഉന്നയിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി ഹിദ്മയുടെ ചിത്രമുള്ള പ്ലക്കാര്‍ഡുകളും മാവോയിസ്റ്റ് മുദ്രാവാക്യങ്ങളും പ്രതിഷേധത്തിനിടെ ഉയര്‍ന്നതായി പൊലീസ് കോടതിയില്‍ പറഞ്ഞു.

images from Delhi protest November 23rd

പൊലീസിന് നേരെ പ്രതിഷേധത്തിനിടെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചെന്നും നാലോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും നേരത്തെ സേന ആരോപിച്ചിരുന്നു.

ദല്‍ഹി, ജെ.എന്‍.യു സര്‍വകലാശാലകളിലെ ഇടത് സംഘടനകളിലെ വിദ്യാര്‍ത്ഥികളുടെയും ദല്‍ഹി കോര്‍ഡിനേഷന്‍ കമ്മിറ്റി ഫോര്‍ ക്ലീന്‍ എയര്‍ കൂട്ടായ്മയുടെയും നേതൃത്വത്തിലായിരുന്നു ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Content Highlight: India Gate protest: Maoist case against students, Police thrashed; 22 students including three Malayalis in judicial custody