കേരളമണ്ണില്‍ സിംഹള വധം; 4-0! ജയം തുടര്‍ന്ന് ഇന്ത്യ
Sports News
കേരളമണ്ണില്‍ സിംഹള വധം; 4-0! ജയം തുടര്‍ന്ന് ഇന്ത്യ
ആദര്‍ശ് എം.കെ.
Sunday, 28th December 2025, 10:25 pm

ഇന്ത്യ – ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

സ്മൃതി മന്ഥാനയുടെയും ഷെഫാലി വര്‍മയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 191ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു,

ഇതുവരെ നടന്ന പരമ്പരയിലെ എല്ലാ മത്സരത്തിലും വിജയിച്ച ഇന്ത്യ 4-0ന് മുമ്പിലാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്കായി ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 162 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് ഇന്ത്യയ്ക്കായി ടി-20 ഫോര്‍മാറ്റില്‍ 150+ പാര്‍ട്ണര്‍ഷിപ്പ് പിറവിയെടുക്കുന്നത്.

ഷെഫാലി വര്‍മയെ മടക്കി മല്‍ഷ ഷെഹാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരു സിക്‌സറും 12 ഫോറും അടക്കം 46 പന്തില്‍ 79 റണ്‍സാണ് ഷെഫാലി നേടിയത്

അധികം വൈകാതെ മന്ഥാനയും മടങ്ങി. 48 പന്ത് നേരിട്ട താരം 80 റണ്‍സ് നേടി. 11 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ മിന്നും പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 16 പന്തില്‍ പുറത്താകാതെ 4 റണ്‍സാണ് താരം അടിച്ചെടുത്തത്. 250.00 സ്‌ട്രൈക് റേറ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 10 പന്തില്‍ പുറത്താകാതെ 16 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 221ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും ഹാസിനി പെരേരയും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സിന് അടിത്തറയൊരുക്കി.

സ്‌കോര്‍ 59ല്‍ നില്‍ക്കവെ പെരേരയെ പുറത്താക്കി അരുന്ധതി റെഡ്ഡിയാണ് ആതിഥേയര്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 30 പന്തില്‍ 33 റണ്‍സ് നേടിയാണ് ഹാസിനി പെരേര പുറത്തായത്.

പിന്നാലെയെത്തിയ ഇമേഷ ദുലാനിയെ ഒപ്പം കൂട്ടിയും ചമാരി മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 37 പന്തില്‍ 52 റണ്‍സ് നേടി നില്‍ക്കവെ വൈഷ്ണവി ശര്‍മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് ചമാരി മടങ്ങി.

ഇമേഷ ദുലാനി (28 പന്തില്‍ 29), ഹര്‍ഷിത് സമരവിക്രമ (13 പന്തില്‍ 20), നിലാക്ഷി ഡി സില്‍വ (11 പന്തില്‍ പുറത്താകാതെ 23) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ലങ്ക 191/6 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇന്ത്യയ്ക്കായി വൈ്ണവി ശര്‍മയും അരുന്ധതി റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഇമേഷ ദുലാനി റണ്‍ ഔട്ടായപ്പോള്‍ എന്‍. ചാരിണിയാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ഡിസംബര്‍ 30നാണ് പരമ്പരയിലെ അഞ്ചാം മത്സരം. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തന്നെയാണ് വേദി.

 

Content Highlight: India defeated Sri Lanka in 4th T20

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.