ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി; മൊഹാലിയിലും ഇന്ത്യ തന്നെ
DSport
ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി; മൊഹാലിയിലും ഇന്ത്യ തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th January 2013, 12:20 am

മൊഹാലി: ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 15 പന്ത് ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കി.[]

ഇതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-1ന് സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം 27ന് ധര്‍മശാലയില്‍ നടക്കും.

രോഹിത് ശര്‍മയും (83), സുരേഷ് റെയ്‌നയും (89) ചേര്‍ന്ന് ഇന്ത്യന്‍ ബാറ്റിങ്ങിന് മികച്ച അടിത്തറ നല്‍കിയപ്പോള്‍ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി വീണ്ടും രവീന്ദ്ര ജഡേജയും തിളങ്ങി. ആര്‍. അശ്വിനും ഇശാന്ത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വലിയ പ്രതീക്ഷ നല്‍കിയായിരുന്നില്ല ഇംഗ്ലണ്ട് ടീമിന്റെ തുടക്കം. 10ാം ഓവറില്‍ ഇയാന്‍ ബെല്ലിനെ (10) അവര്‍ക്ക് നഷ്ടമായി. എന്നാല്‍, ക്യാപ്റ്റന്‍ കുക്കും (76), കെവിന്‍ പീറ്റേഴ്‌സനും (76) മികച്ച രീതിയില്‍ കളിച്ചു. രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വഴിതുറന്നത്.

കുക്കിനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. മോര്‍ഗനും (3), പട്ടേലും (1) വേഗത്തില്‍ പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് തുടക്കമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 10 റണ്‍സില്‍ നില്‍ക്കെ ഓപണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായി. പിന്നീട് 33 പന്ത് നേരിട്ട് 26 റണ്‍സുമായി കോഹ് ലിയും പുറത്തായി.

തൊട്ടുപിന്നാലെ മൂന്ന് റണ്‍സുമായി യുവരാജ് സിങ്ങും പോയതോടെ ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. മൂന്നിന് 90 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, നാലാം വിക്കറ്റില്‍ രോഹിതിന് കൂട്ടായി റെയ്‌നയെത്തി. ഇരുവരും ചേര്‍ന്ന് നിര്‍ണായക 68 റണ്‍സാണ് സ്വന്തമാക്കിയത്. 19 റണ്‍സെടുത്ത ധോണിയും പുറത്താവാതെ 21 റണ്‍സെടുത്ത ജദേജയും ചേര്‍ന്നതോടെ ഇന്ത്യന്‍ വിജയം അനായാസമായി.