ന്യൂദല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യാഴാഴ്ച ന്യൂദല്‍ഹിയിലെ ഇറാന്‍ എംബസിയിലെത്തി അനുശോചന പുസ്തകത്തില്‍ ഒപ്പുവെച്ചാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ നടപടി.
ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഖാംനഇയ്ക്ക് വേണ്ടി മൂന്ന് ദിവസത്തെ വിടവാങ്ങല്‍ ചടങ്ങാണ് ഇറാന്‍ ഒരുക്കിയിരിക്കുന്നത്. വിടവാങ്ങല്‍ ചടങ്ങിലും റാലിയിലുമായി ആയിരക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശനിയാഴ്ച യു.എസും ഇസ്രഈലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഓഫീസ് മുറിയില്‍ വെച്ച് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ പങ്കാളി, മകള്‍, മരുമകള്‍, പേരക്കുട്ടി തുടങ്ങിയവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ ഇറാന്‍ അടുത്ത പരമോന്നത നേതാവായി ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇയെ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു. പിന്നാലെ മുജ്തബയ്ക്ക് നേരയും യു.എസ് വധ ഭീഷണി മുഴക്കിയിരുന്നു.
ഇറാന്‍ ഭരണകൂടം പുതിയ നേതാവിനെ പ്രഖ്യാപിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യുമെന്നും അത് തങ്ങളുടെ നിയമാനുസൃതമായ ലക്ഷ്യമായി കണക്കാക്കുമെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് ഭീഷണി മുഴക്കിയിരുന്നു.
അതേസമയം, ഇസ്രഈലും യു.എസും ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യം വെച്ച് ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രഈലിനെ ലക്ഷ്യം വെച്ച് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രഈല്‍ പ്രതിരോധ സേന ആരോപിച്ചതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്.
ഇറാന്റെ പ്രത്യാക്രമണത്തില്‍ മധ്യ ഇസ്രഈലിലും ജറുസലേമിലും വെസ്റ്റ് ബാങ്കിലെ ചില പ്രദേശത്തും സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.