ന്യൂദല്‍ഹി: റമദാന്‍ മാസത്തില്‍ പാകിസ്ഥാന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
‘റമദാന്‍ മാസത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവനെടുത്ത, പാകിസ്ഥാന്‍ വിശുദ്ധ അഫ്ഗാന്റെ പ്രദേശത്ത് നടത്തിയ വ്യോമാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു.
തങ്ങളുടെ ആഭ്യന്തര പരാജയങ്ങളെ പുറത്തുകൊണ്ടുവരാനുള്ള പാകിസ്ഥാന്റെ മറ്റൊരു ശ്രമമാണിത്. അഫ്ഗാനിസ്ഥാന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള പിന്തുണ ഇന്ത്യ ആവര്‍ത്തിക്കുന്നു’, വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു
Our response to media queries about Pakistan’s airstrikes on Afghanistan ⬇️
🔗 https://t.co/gUXTbNQjVg pic.twitter.com/A6W4wxXBpV
— Randhir Jaiswal (@MEAIndia) February 22, 2026
അടുത്തകാലത്തായി തങ്ങളുടെ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാരായ അഫ്ഗാനിലെ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
എന്നാല്‍, പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ അഫ്ഗാനിലെ സായുധ സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണം അഫ്ഗാനിസ്ഥാന്‍ നിഷേധിച്ചു.
കഴിഞ്ഞദിവസം അഫ്ഗാനിലെ നംഗര്‍ഹാറിലും പക്തികയിലും പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും സാധാരണക്കാര്‍ക്ക് പരിക്കേറ്റെന്നും അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.
പാകിസ്ഥാനിലെ ഇസ്‌ലാമാബാദ്, ബജൗര്‍, ബന്നു എന്നിവിടങ്ങളില്‍ അടുത്ത കാലത്തായി നടന്ന ബോംബാക്രമണങ്ങള്‍ക്ക് മറുപടിയായി അഫ്ഗാനിസ്ഥാനിലെ ഏഴ് തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 70 ഭീകരരെ വധിച്ചെന്നാണ് പാകിസ്ഥാന്റെ വിശദീകരണം.
അഫ്ഗാനിസ്ഥാന്‍ ഏറെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്യുകയാണ്.സ്വന്തം പൗരന്മാരുടെ ജീവനും സമ്പത്തും പാകിസ്ഥാന്‍ സംരക്ഷിക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി തലാല്‍ ചൗധരി പറഞ്ഞു.
Content Highlight: Women and children killed during Ramadan; India condemns Pakistan’s attack in Afghanistan
