| Thursday, 21st August 2025, 9:57 pm

ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം; കായികമന്ത്രാലയത്തിന്റെ തീരുമാനമിങ്ങനെ; സംഭവം ഇറുക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യയ്ക്ക് അനുമതി. യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുക മാത്രമല്ല, പാകിസ്ഥാനെ നേരിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ സെപ്റ്റംബര്‍ 14ന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നിന്റെ പുത്തന്‍ അധ്യായത്തിനും വഴിയൊരുങ്ങും.

എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ബൈലാറ്ററല്‍ മത്സരങ്ങളില്‍ തുടര്‍ന്നും കളിക്കില്ല എന്നും പാകിസ്ഥാന്‍ ടീമുകളെ ഇന്ത്യയിലെത്തി കളിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന് പാകിസ്ഥാനും ഇവിടെയത്തി കളിക്കില്ല. ശ്രീലങ്കയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പാകിസ്ഥാന്‍ വനിതകള്‍ ഫൈനലില്‍ പ്രവേശിക്കുകയാണെങ്കില്‍ കിരീടപ്പോരാട്ടവും ഇന്ത്യക്ക് പുറത്താകും നടക്കുക.

നേരത്തെ, പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ നിന്നും ഇന്ത്യ ചാമ്പ്യന്‍സ് പിന്മാറുകയും പാകിസ്ഥാന്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യം ഏഷ്യാ കപ്പിലും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കിയത്.

എന്നാല്‍ പാകിസ്ഥാനെതിരെ കളത്തിലിറങ്ങാന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കുകയായിരുന്നു.

ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതകളേറെയാണ്.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.

Content Highlight: India cleared to face Pakistan in Asia Cup

Latest Stories

We use cookies to give you the best possible experience. Learn more