ഇന്ത്യയും ചൈനയും പരസ്പര സഹകരണ പങ്കാളികളാണ്, എതിരാളികളല്ല: മോദിയോട് ഷി ജിൻപിങ്
World
ഇന്ത്യയും ചൈനയും പരസ്പര സഹകരണ പങ്കാളികളാണ്, എതിരാളികളല്ല: മോദിയോട് ഷി ജിൻപിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st September 2025, 7:26 am

ബീജിങ്: ഇന്ത്യയും ചൈനയും തമ്മിൽ സൗഹൃദം സ്ഥാപിക്കുക എന്നതാണ് ശരിയായ തീരുമാനമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. അതിർത്തി പ്രശ്‌നം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ നിർവചിക്കരുതെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞു.

‘നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ സുസ്ഥിരവും ശക്തവുമായ വികസനം സാക്ഷാത്കരിക്കുന്നതിന് ഇരുരാജ്യങ്ങളും ശ്രമിക്കണം. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും ഉറപ്പാക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. അതിർത്തി പ്രശ്‌നം മൊത്തത്തിലുള്ള ഇന്ത്യ- ചൈന ബന്ധത്തെ നിർവചിക്കാൻ അനുവദിക്കരുത്,’ ഷി മോദിയോട് പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഇന്ത്യയും ചൈനയും പരസ്പര സഹകരണ പങ്കാളികളാണെന്നും എതിരാളികളല്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് സ്ഥിരവും ദീർഘകാലവുമായ വളർച്ച നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളായിരിക്കുക എന്നതാണ് ഇരുവരും തെരഞ്ഞെടുക്കേണ്ട ശരിയായ തീരുമാനമെന്നും പരസ്പര വിജയം സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ നയങ്ങളെ പരിഹസിച്ചുകൊണ്ട്, ഇരുരാജ്യങ്ങളും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കണമെന്നും ഷി ജിൻപിങ് പറഞ്ഞു.

ഇരുരാജ്യങ്ങളും കൂടുതൽ ജനാധിപത്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും ലോകമെമ്പാടുമുള്ള സമാധാനത്തിനും സമൃദ്ധിക്കുമുള്ള സംഭാവനങ്ങൾ നൽകണമെന്നും ജിൻപിങ് പറഞ്ഞു.

അതേസമയം, പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന് മോദി പറഞ്ഞു.

കഴിഞ്ഞ വർഷത്തെ സൈനിക നടപടികൾക്ക് ശേഷം അതിർത്തിയിൽ സമാധാനവും സ്ഥിരതയുമുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

കൈലാസ് മാനസസരോവർ യാത്ര പുനരാംരഭിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും അതിർത്തി നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികൾ തമ്മിൽ ധാരണയായിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) പ്രസിഡന്റ് സ്ഥാനത്തേക്ക് ചൈന എത്തിയതിനെ ഷി ജിൻപിങ്ങിനെ മോദി അഭിനന്ദിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി വീണ്ടും ചൈന സന്ദർശിക്കുന്നത്.

അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തിയത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിന്റെ പേരിൽ അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ 50% അധിക തീരുവ ദിവസങ്ങൾക്ക് മുമ്പ് പ്രാബല്യത്തിൽ വന്നിരുന്നു.

Content Highlight: India, China are cooperative partners, not rivals: Xi Jinping to Modi