2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
10 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു സൂര്യയും സംഘവും വിജയം സ്വന്തമാക്കിയത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതിന് മുമ്പ് 2012ല്‍ ഇംഗ്ലണ്ടിനെതിരെ 90 റണ്‍സിനായിരുന്നു ഇന്ത്യയുടെ വലിയ വിജയം.
ഇതിന് പുറനെ മറ്റൊരു കിടിലന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി വിജയം നേടുന്ന ടീമാകാനാണ് മെന്‍ ഇന്‍ ബ്ലൂവിന് സാധിച്ചത്. 2024 മുതല്‍ 2026 വരെ 10 തുടര്‍ച്ചയായ ലോകകപ്പ് മത്സരങ്ങളാണ് ഇന്ത്യ വിജയിച്ചത്. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടങ്ങിവെച്ച വിന്നിങ് സ്ട്രീക്കാണ് സൂര്യയും മുന്നോട്ട് കൊണ്ടുപോകുന്നത്.
ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഓസ്ട്രേലിയയാണ്. 2022 മുതല്‍ 2024വരെ എട്ട് തുടര്‍വിജയമാണ് ഓസീസിനുള്ളത്. 2024ല്‍ സൗത്ത് ആഫ്രിക്കയ്ക്കും എട്ട് വിജയങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിലാണ് ഇന്ത്യയുടെ വിജയം. 28 പന്തില്‍ നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സും 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു. ഇതോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചു.
Fire with the bat 🔥
Clinical with the ball 👌
Hardik Pandya is the Player of the Match for his all-round brilliance 🫡
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സഞ്ജു എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി മടങ്ങി.
പിന്നാലെ കിഷന്‍ തന്റെ ബാറ്റില്‍ നിന്ന് കൊടുങ്കാറ്റഴിച്ച് വിട്ടു. 24 പന്തില്‍ അഞ്ച് സിക്‌സും ആറ് ഫോറും അടക്കം 61 റണ്‍സ് നേടിയാണ് കിഷന്‍ മടങ്ങിയത്. 21 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മ കിഷന് പിന്തുണനല്‍കി. ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി മടങ്ങി. തുടര്‍ന്നായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം ആരംഭിച്ചത്. താരത്തിനൊപ്പം നിന്ന ശിവം ദുബെയും 23 റണ്‍സും നേടി.
നമീബിയക്കായി ജെറാഡ് ഇറാസ്മസ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, ജെ.ജെ. സ്മിത്, ബെന്‍ ഷികോംങ്ങോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.
മറുപടി ബാറ്റിങ്ങില്‍ നമീബിയയ്ക്ക് ഭേദപ്പെട്ട പ്രകടനം നടത്തിയത് ഓപ്പണര്‍ ലോറന്‍ സ്റ്റീന്‍കാമ്പാണ്. 20 പന്തില്‍ 29 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായാണ് താരം മടങ്ങിയത്. 15 പന്തില്‍ 22 റണ്‍സെടുത്ത ജാന്‍ ഫ്രൈലിങ്കിനാണ് രണ്ടാം ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല.
Content Highlight: India becomes the team with the most consecutive wins in the T20 World Cup