ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കൊട്ടക്; സഞ്ജു ചെന്നൈയില്‍ കളിക്കുമോ?
Cricket
ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കൊട്ടക്; സഞ്ജു ചെന്നൈയില്‍ കളിക്കുമോ?
ഫസീഹ പി.സി.
Wednesday, 25th February 2026, 6:31 pm

സിംബാബ്വെയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് സൂചന നല്‍കി ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്. ടോപ് ഓര്‍ഡറില്‍ ഇടം കൈയ്യന്‍ ബാറ്ററുമാരുടെ ധാരാളിത്തത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മത്സരങ്ങളില്‍ ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടുന്നത് ചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ടെന്നും എന്നാല്‍ പദ്ധതികള്‍ നേരത്തെ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊട്ടക്.

സിതാന്‍ഷു കൊട്ടക്.  Photo: Crictracker/x.com

‘ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടം കൈയ്യന്‍ ബാറ്റര്‍മാര്‍ ഒരുമിച്ച് വരുന്നത് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കൂടാതെ എതിരാളികള്‍ ഓഫ് സ്പിന്‍ പരിക്ഷീക്കുന്നതും ചര്‍ച്ചയിലുണ്ടായിരുന്നു.

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാകുന്നത് ഏതൊരു ടീമിനെയും മാറ്റങ്ങളെ കുറിച്ച് ചിന്തിപ്പിക്കും. എന്നാല്‍, നേരത്തെ ഞങ്ങളുടെ പദ്ധതികള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല,’ കൊട്ടക് പറഞ്ഞു.

കൊട്ടക്കിന്റെ ഈ വാക്കുകള്‍ മലയാളി താരം സഞ്ജു സാംസണ്‍ സിംബാബ്വെയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന സൂചനകളാണ് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍. ഇന്ന് ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍ മലയാളി താരം ഏറെ നേരം നെറ്റ്‌സില്‍ ചെലവഴിച്ചതും ഈ നിഗമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

സഞ്ജു സാംസൺ. Photo: Team Samson/x.com

കൂടാതെ, പരിശീലന സെഷനില്‍ സഞ്ജു വിക്കറ്റ് കീപ്പിങ്ങും നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും കൊട്ടക്കിന്റെ ടീമില്‍ മാറ്റങ്ങളുണ്ടാവാമെന്ന വാക്കുകളും ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ കൊട്ടക് തന്നെ തിലക് വര്‍മയുടെയും അഭിഷേക് ശര്‍മയുടെയും കാര്യത്തിലും ആശങ്കളില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തിലകിന്റെ ബാറ്റിങ്ങില്‍ പ്രശ്‌നങ്ങളില്ലെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കൂട്ടുകള്‍ ഉണ്ടാക്കാനാണ് താരം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: India batting coach Sitanshu Kotak says there can be changes; does this hint for Sanju Samson’s return

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി