ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. ഇറക്കുമതി നിരോധനം കൂടാതെ ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് പാകിസ്ഥാന്‍ കപ്പലുകള്‍ പ്രവേശിക്കുന്നതും ഇന്ത്യ നിരോധിച്ചു.
വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. പാകിസ്ഥാനില്‍ നിന്ന് നിര്‍മിക്കുകയോ കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും നേരിട്ടോ അല്ലാതെയോ ഉള്ള ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധിക്കുന്നുവെന്നാണ് വിജ്ഞാപനം.
പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള ഇറക്കുമതികള്‍ നേരത്തെ കുറവായിരുന്നു. എന്നാല്‍ മൂന്നാം രാജ്യങ്ങള്‍ വഴി ഇറക്കുമതികള്‍ നടത്തിയിരുന്നു. ഇത്തരത്തിലുള്ള ഇറക്കുമതിയുമാണ് നിലവില്‍ ഇന്ത്യ നിരോധിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഈ വ്യവസ്ഥ ഏര്‍പ്പെടുത്തിയതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
പാകിസ്ഥാന്റെ പതാക വഹിച്ചുവരുന്ന ഒരു കപ്പലിനെയും ഇന്ത്യന്‍ തുറമുഖത്ത് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ ഉത്തരവിലും പറയുന്നു.
പൊതുതാത്പ്പര്യവും ഇന്ത്യന്‍ ഷിപ്പിങ്ങിന്റെ താത്പ്പര്യവും കണക്കിലെടുത്ത്, ഇന്ത്യന്‍ ആസ്തികള്‍, ചരക്ക്, ബന്ധിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതേസമയം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ വ്യാപാരമേഖലയില്‍ ഇടിവുണ്ടാതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വാഗ അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടിയതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ വ്യാപാര ബന്ധം തകരാറിലാവുകയും ചെയ്തിരുന്നു.
അതേസമയം ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭീകരരെ നേരിടാന്‍ സൈന്യത്തിന് ഉന്നത തലയോഗം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
ഭീകരതയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്നത് നമ്മുടെ ദേശത്തിന്റെ ദൃഢനിശ്ചയമാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ച് പറഞ്ഞതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, കുല്‍ഗ്രാമിന് സമീപത്തുള്ള ആനന്ദ്ഗ്രാമില്‍ സൈന്യം ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടി അടക്കമുള്ള കാര്യങ്ങളില്‍ ബുധന്‍ ഉച്ചയോടെ അന്തിമ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: India bans imports from Pakistan; also bans entry of ships