വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ചൈന സന്ദര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തിനുള്ളില്‍ നഷ്ടപ്പെട്ടുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
‘ഇന്ത്യയെയും റഷ്യയും ചൈനയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ വെച്ച് നഷ്ടപ്പെട്ടു. ഇരുവര്‍ക്കും സമൃദ്ധവും ദീഘവുമായ ഒരു ഭാവി ഉണ്ടാകട്ടെ,’ എന്നാണ് ട്രംപിന്റെ പരിഹാസം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനൊപ്പമുള്ള പുടിന്റെയും മോദിയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടി പുതിയൊരു ലോകക്രമത്തിന് സാധ്യത നല്‍കുന്നുവെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം.
ഇന്ത്യക്കെതിരെ യു.എസ് തീരുവയുദ്ധവും എണ്ണ ഉപരോധങ്ങളും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനം നടന്നത്. ഷീ ജിന്‍പിങ്ങുമായും പുടിനുമായും കൂടിക്കാഴ്ച നടത്തിയ മോദി നിര്‍ണായകമായ ഏതാനും വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
മോദിക്കൊപ്പം സംസാരിക്കുന്നതിനായി പുടിന്‍ 10 മിനിട്ടോളം കാത്തിരുന്നെന്നും അവര്‍ തമ്മിലുള്ള സംഭാഷണം 45 മിനിട്ടോളം നീണ്ടുനിന്നെമുള്ള റഷ്യന്‍ ദേശീയ റേഡിയോ സ്റ്റേഷന്‍ വെസ്റ്റി എഫ്.എമ്മിന്റെ റിപ്പോര്‍ട്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ വഴങ്ങിയില്ലെന്ന് മാത്രമല്ല, എണ്ണ വാങ്ങുന്നത് തുടരുകയും ചെയ്തു. പിന്നാലെ നിലവിലുണ്ടായിരുന്ന 25 ശതമാനം തീരുവക്കൊപ്പം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് 25 ശതമാനം അധിക താരിഫ് കൂടി ഏര്‍പ്പെടുത്തി.
നിലവില്‍ ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിങ് ജോങ് ഉന്നിന്റെ ചൈനീസ് സന്ദര്‍ശനവും യു.എസ് ഭരണകര്‍ത്താക്കളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Content Highlight: India and Russia lost in China’s dark abyss; Trump mocks