ഐ.സി.സി ടി-20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ ഇന്ത്യ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നേരിടും.

സൂപ്പര്‍ 8 ഗ്രൂപ്പ് 1ല്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഹൈ പ്രഷര്‍ ഗെയ്മില്‍ സഞ്ജു സാംസണിന്റെ പ്രകടനത്തിലാണ് ഇന്ത്യ സെമി ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തിന് പിന്നാലെ വിജയമാഘോഷിക്കുന്ന ഇന്ത്യ

മറുവശത്ത് അനായാസമായിരുന്നു ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, സൂപ്പര്‍ 8ലെ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ത്രീ ലയണ്‍സ് സെമിയിലേക്ക് കുതിച്ചത്.

ഇംഗ്ലണ്ട്

കരുത്തരുടെ കൊമ്പുകോര്‍ക്കലില്‍ ഏത് ടീം വിജയിച്ചാലും ഒരു ചരിത്ര മുഹൂര്‍ത്തത്തിനാകും വേള്‍ഡ് കപ്പ് സാക്ഷ്യം വഹിക്കുക. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഫൈനല്‍ കളിക്കുന്ന ടീം എന്ന നേട്ടമാണ് വിജയികള്‍ക്ക് സ്വന്തമാവുക.

ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവരുടെ പേരിലാണ് നിലവില്‍ ഈ നേട്ടമുള്ളത്. ഈ നാല് ടീമുകളും മൂന്ന് വീതം ലോകകപ്പ് ഫൈനലുകള്‍ കളിച്ചിട്ടുണ്ട്.

കിരീടമണിഞ്ഞ 2007, 2024 ലോകകപ്പുകള്‍ക്ക് പുറമെ 2014ലാണ് ഇന്ത്യ ഇതിന് മുമ്പ് ഫൈനല്‍ കളിച്ചത്. അന്ന് ശ്രീലങ്കയോടായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ട് 2010ലും 2022ലും കിരീടമണിയുകയും 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെടുകയും ചെയ്തു.

ഇംഗ്ലണ്ടും ഇന്ത്യയും രണ്ട് ഫൈനല്‍ വിജയിക്കുകയും ഒരെണ്ണം പരാജയപ്പെടുകയും ചെയ്തപ്പോള്‍, ശ്രീലങ്കയും പാകിസ്ഥാനും ഒരു ഫൈനല്‍ വിജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങുകയും ചെയ്തു.

ലോകകപ്പിന്റെ രണ്ടാം എഡിഷനായ 2009ലാണ് പാകിസ്ഥാന്‍ കിരീടമണിയുന്നത്. ഇതിന് മുമ്പ് 2007ല്‍ നടന്ന ആദ്യ ലോകകപ്പില്‍ ഇന്ത്യയോടും 2022ല്‍ ഇംഗ്ലണ്ടിനോടും തോല്‍വി വഴങ്ങി.

2009ലാണ് ശ്രീലങ്ക ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചത്. അന്ന് പാകിസ്ഥാനോട് എട്ട് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങി. 2012ല്‍ ഒരിക്കല്‍ക്കൂടി ഫൈനല്‍ കളിച്ചെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് മുമ്പില്‍ കീഴടങ്ങി ഒരിക്കല്‍ക്കൂടി തോല്‍വി.

2014ല്‍ ലങ്ക ഒരിക്കല്‍ക്കൂടി കിരീടത്തിന് അടുത്തെത്തി. അന്നവര്‍ക്ക് അടി തെറ്റിയില്ല. ലസിത് മലിംഗയ്ക്ക് കീഴില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ആദ്യ കീരീടം ശ്രീലങ്ക സ്വന്തമാക്കി.

ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ വിജയിക്കുന്ന ടീം ഫൈനലിലും വിജയിക്കുകയാണെങ്കില്‍ മറ്റൊരു നേട്ടവും പിറക്കും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി മൂന്ന് തവണ കിരീടം നേടുന്ന ടീം എന്ന നേട്ടമാണ് വിജയകളെ തേടിയെത്തുക. ഇനി ഇന്ത്യയാണ് രണ്ടാം സെമിയും ഫൈനലും വിജയിക്കുന്നതെങ്കില്‍ ചരിത്രത്തിലാദ്യമായി കിരീടം നിലനിര്‍ത്തിയ ടീം എന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

 

Content highlight: India and England set to become the team with the most World Cup final appearances