ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്; 23 പാര്‍ട്ടികള്‍ പങ്കെടുക്കും, വിട്ടുനില്‍ക്കാന്‍ ഡി.എം.കെ അടക്കമുള്ളവര്‍
national news
ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം ഇന്ന്; 23 പാര്‍ട്ടികള്‍ പങ്കെടുക്കും, വിട്ടുനില്‍ക്കാന്‍ ഡി.എം.കെ അടക്കമുള്ളവര്‍
ആദര്‍ശ് എം.കെ.
Monday, 8th June 2026, 7:34 am

 

ന്യൂദല്‍ഹി: 2029 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഭാവി തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ ‘ഇന്ത്യ’ സഖ്യത്തിന്റെ നിര്‍ണായക യോഗം. ജൂണ്‍ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ‘ഇന്ത്യ ജനബന്ധന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ നിര്‍ണായക യോഗം നടക്കുന്നത്.

ദേശീയ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ നേരിടുന്നതിനായി സംയുക്തമായ ഒരു കര്‍മപദ്ധതി തയ്യാറാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ നിരയിലെ ഏകോപനം ശക്തിപ്പെടുത്താനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ യോഗത്തെ വിലയിരുത്തുന്നത്.

‘ഇന്ത്യയെപ്പോലെ തന്നെ ‘ഇന്ത്യ ജനബന്ധന്‍’ അതിന്റെ വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യത്തോടെ നിലകൊള്ളുന്നു’,’ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

23 രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ചില പാര്‍ട്ടികള്‍ അസൗകര്യം മൂലം പങ്കെടുക്കുന്നില്ലെങ്കിലും അവര്‍ മോദി സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി എതിര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊതുവായ ലക്ഷ്യത്തോടും വ്യക്തമായ ഉദ്ദേശത്തോടും കൂടിയാണ് ഈ കൂടിക്കാഴ്ച. ഇന്ത്യ സഖ്യം ഐക്യത്തിലാണ്. സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഒത്തുചേരാന്‍ പല പാര്‍ട്ടികളും കാത്തിരിക്കുകയാണ്,’ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

ഇന്ത്യ സഖ്യം ഐക്യത്തോടെ തുടരണം, മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കരുതെന്ന് സി.പി.ഐയും വ്യക്തമാക്കി.

സഖ്യത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും സഖ്യകക്ഷികള്‍ക്കിടയിലെ ചില അസ്വാരസ്യങ്ങളും പ്രകടമാകുന്നുണ്ട്. ഡി.എം.കെയും സി.പി.ഐ.എമ്മും അടക്കം നാല് പാര്‍ട്ടികള്‍ ഇന്ത്യ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസ് തങ്ങളെ വഞ്ചിച്ചു എന്ന് ആരോപിച്ചാണ് ഡി.എം.കെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ആരോപണങ്ങളില്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വം അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്ന് അവര്‍ വിശദീകരണം തേടിയിട്ടുണ്ട്. എന്നിരുന്നാലും, സി.പി.ഐ.എമ്മിനെ പ്രതിനിധീകരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി യോഗത്തില്‍ പങ്കെടുക്കും.

ജാര്‍ഖണ്ഡില്‍ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതോടെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും അതൃപ്തി പ്രകടിപ്പിച്ച് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ആം ആദ്മി പാര്‍ട്ടിയും യോഗത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി വിട്ടുനില്‍ക്കുന്നതായാണ് സൂചനകള്‍.

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, അഭിഷേക് ബാനര്‍ജി എന്നിവര്‍ യോഗത്തില്‍ നേരിട്ട് പങ്കെടുക്കും. സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും യോഗത്തിന്റെ ഭാഗമാകും.

അതേസമയം, ഇന്ത്യ സഖ്യം വെറും ‘സാങ്കല്പിക മുന്നണി’ മാത്രമാണെന്ന് പരിഹസിച്ച് ഭരണകക്ഷിയായ ബി.ജെ.പി രംഗത്തെത്തി.

 

Content Highlight: INDIA alliance’s crucial meeting today; 23 parties to attend, DMK among others to abstain

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.