ആര് കപ്പുയര്‍ത്തിയാലും ചരിത്രം; അഹമ്മദാബാദില്‍ പൊടിപൂരം!
Cricket
ആര് കപ്പുയര്‍ത്തിയാലും ചരിത്രം; അഹമ്മദാബാദില്‍ പൊടിപൂരം!
ഫസീഹ പി.സി.
Sunday, 8th March 2026, 7:29 am

2026 ടി – 20 ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമുള്ളത്. ഇന്ന് (മാര്‍ച്ച് 8) നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ അവസാനയങ്കത്തിന് കളമൊരുങ്ങുന്നത്.

ഒന്നാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് കിവീസ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മറുവശത്ത് ഇന്ത്യ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത് ഇംഗ്ലണ്ടും ജേക്കബ് ബേഥലും ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ്. അതിനാല്‍ തന്നെ അഹമ്മദാബാദില്‍ ആരാധകരെ കാത്തിരിക്കുന്നത് വീറും വാശിയും ഏറെ നിറഞ്ഞ മത്സരമാവും.

ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാവും പത്താം എഡിഷനിലെ ചാമ്പ്യന്മാര്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും കപ്പെന്ന മോഹത്തിനായി കച്ചമുറുക്കിയിറങ്ങുമ്പോള്‍ പ്രവചനങ്ങള്‍ അസാധ്യമാണ്.

എന്നാല്‍, ഫൈനലില്‍ ആര് ജയിച്ച് കപ്പുയര്‍ത്തിയാലും ചരിത്രം പിറക്കുമെന്ന് ഉറപ്പാണ്. കിവീസാണ് ചാമ്പ്യന്മാരാവുന്നതെങ്കില്‍ കന്നി കിരീടം ടീമിന് സ്വന്തമാക്കാം. ലോകകപ്പുയര്‍ത്തുന്ന എട്ടാമത്തെ ടീമായി ബ്ലാക്ക് ക്യാപ്‌സിന് തങ്ങളുടെ പേര് ചേര്‍ത്തുവെക്കാം. ലോകകപ്പില്‍ തങ്ങളുടെ രണ്ടാം ഫൈനലിന് ഇറങ്ങുമ്പോള്‍ സാന്റ്‌നറുടെയും സംഘത്തിന്റെയും ലക്ഷ്യം ഇതുതന്നെയായിരിക്കും.

ന്യൂസിലാൻഡ് ടീം. Photo: Blackcaps/x.com

മറുവശത്ത് ഇന്ത്യയാണ് വിജയികളാവുന്നതെങ്കില്‍ ഒന്നിലേറെ ചരിത്രം കുറിക്കും. അതിലാദ്യം ടി – 20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതിയാണ്. ഇതുവരെ ഒന്നിലേറെ തവണ കിരീടം നേടിയ ടീമുകളുണ്ടെങ്കില്‍ ആര്‍ക്കും തുടര്‍ച്ചയായി ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല.

കപ്പുയര്‍ത്തുന്ന ആദ്യ ആതിഥേയ ടീം എന്ന നേട്ടമാണ് ഇന്ത്യയുടെ കയ്യെത്താദൂരത്തുള്ളത്. ഇതുവരെ ഇന്ത്യയടക്കം ഏഴ് ടീമുകള്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയെങ്കില്‍ സ്വന്തം മണ്ണില്‍, തങ്ങളുടെ കാണികളുടെ ഈ നേട്ടം കൈപ്പിടിയിലൊതുക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അഹമ്മദാബാദില്‍ അതിന് കഴിഞ്ഞാല്‍ ഇന്ത്യ ടീമിനും ആരാധകര്‍ക്കും അതില്‍ പരം സന്തോഷം വേറെയില്ല.

ഇന്ത്യൻ ടീം. Photo: ICC/x.com

ഇതിന് പുറമെ, സൂര്യയും സംഘവും കിവീസിനെ തരിപ്പണമാക്കി ജേതാക്കളയാല്‍ മൂന്നാം കിരീടം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടവും തങ്ങളുടെ പേരിലാക്കാം. ഇന്ത്യയടക്കം മറ്റ് രണ്ട് ടീമുകള്‍ ലോകകപ്പില്‍ രണ്ട് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയവര്‍.

2012, 2016ലുമായിരുന്നു കരീബിയന്‍ പടയുടെ കിരീട നേട്ടങ്ങള്‍. പിന്നീട് ഈ ലിസ്റ്റിലേക്ക് ഇംഗ്ലണ്ടും കഴിഞ്ഞ വര്‍ഷം ഇന്ത്യയും തങ്ങളുടെ പേരുകള്‍ ചേര്‍ത്തുവെച്ചു. 2010, 2021 എന്നീ വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടും 2007ലും 2024ലും നീലപ്പടയും കിരീടം ചൂടി.

ഇപ്പോള്‍ ഒരു ഫൈനല്‍ കൂടി പടിവാതിലില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അഹമ്മദാബാദില്‍ സഞ്ജുവടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനങ്ങള്‍ നടത്താനായാല്‍ ഈ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കപ്പെടും.

 

Content Highlight: India aim to lift third trophy while New Zealand to lift trophy for the first time in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി