2026 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 49 പന്ത് നേരിട്ട താരം പുറത്താകാതെ 84 റണ്‍സാണ് സ്വന്തമാക്കിയത്. 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 171.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. മത്സരത്തിലെ താരവും സൂര്യയായിരുന്നു.
ഈ തകര്‍പ്പന്‍ വിജയത്തിന് പുറമെ ഒരു കിടിലന്‍ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. പുരുഷ ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായി വിജയം നേടുന്ന ടീമാകാനാണ് സൂര്യയ്ക്കും സംഘത്തിനും സാധിച്ചത്. 2024 മുതല്‍ 2026 വരെ ഒമ്പത് തുടര്‍ച്ചയായ വിജയമാണ് ഇന്ത്യ നേടിയത്.
രോഹിത് ശര്‍മ തുടങ്ങിവെച്ച വിന്നിങ് സ്ട്രീക്കാണ് സൂര്യയും മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഓസ്‌ട്രേലിയയാണ്. 2022 മുതല്‍ 2024വരെ എട്ട് തുടര്‍വിജയമാണ് ഓസീസിനുള്ളത്. 2024ല്‍ സൗത്ത് ആഫ്രിക്കയ്ക്കും എട്ട് വിജയങ്ങള്‍ ഉണ്ടായിരുന്നു.
ടി-20യില്‍ മിന്നും പ്രകടനം നടത്തി കുതിക്കുന്ന ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. 2024 ടി-20 ലോകകപ്പിന് ശേഷം ഏറ്റവും വിജയകരമായ ടീമും ഇന്ത്യയാണ്. 42 മത്സരങ്ങളില്‍ 34 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ ഈ കാലയളവില്‍ വെറും ആറ് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ആറ് ഓവറില്‍ തന്നെ രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ആതിഥേയര്‍ സമ്മര്‍ദത്തിന്റെ പടുകുഴിയിലേക്ക് വീണത്.
പിന്നാലെയെത്തിയ റിങ്കു സിങ്ങിനോ ഹര്‍ദിക് പാണ്ഡ്യയ്ക്കോ അക്സര്‍ പട്ടേലിനോ ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. റിങ്കു 14 പന്തില്‍ ആറ് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ആറ് പന്തില്‍ അഞ്ച് റണ്‍സിനാണ് ഹര്‍ദിക് പുറത്തായത്. 11 പന്തില്‍ 14 റണ്‍സായിരുന്നു അക്സറിന്റെ സമ്പാദ്യം.
യു.എസ്.എയ്ക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക് നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍മീത് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് മൊഹ്‌സീനും അലി ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ടീമിന് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് 37 റണ്‍സ് വീതം നേടിയ സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ശുഭം രഞ്ജനുമാണ്. മിലിന്ത് കുമാര്‍ 34 റണ്‍സും നേടിയിരുന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
Content Highlight: India Achieve Most Consecutive Wins For A Team In The Men’s T20 World Cup