വനിതാ ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ
Cricket
വനിതാ ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ
ശ്രീരാഗ് പാറക്കല്‍
Sunday, 22nd February 2026, 5:17 pm

വനിതാ ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ക്രിക്കറ്റ് ടൂര്‍ണമെന്റ്‌റില്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ എ ടീം. ഫൈനലില്‍ ബംഗ്ലാദേശി എ ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ബാങ്‌കോക്കില്‍ നടന്ന മത്സരത്തില്‍ 46 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 2023ലെ ഫൈനലിലും ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 19.1 ഓവറില്‍ 88 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.


ഇന്ത്യയ്ക്ക് വേണ്ടി മത്സരത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് തേജല്‍ ഹസബ്‌നിസാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്ത താരം 34 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 51 റണ്‍സ് നേടി. താരത്തിനൊപ്പം ക്യാപ്റ്റന്‍ രാധാ യാദവ് 30 പന്തില്‍ 36 റണ്‍സ് നേടി മികവ് പുലര്‍ത്തി. ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. അതേസമയം ഓപ്പണര്‍ ദിനേശ് വൃന്ദ 19 റണ്‍സും നേടിയിരുന്നു.

ബംഗ്ലാദേശിന് വേണ്ടി ഫഹീമ ഖാതുന്‍ നാല് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് നടത്തിയത്. ഫര്‍ജനാ ഈസാമിന്‍, ഫാതെമ ജഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 15 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിയ ഷമീമ സുല്‍ത്താനാണ്. 18 റണ്‍സ് നേടിയ സര്‍മിന്‍ സുല്‍ത്താനയാണ് രണ്ടാം ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സോണിയാ മെന്തിയ, തനൂജ കന്‍വാര്‍ എന്നിവരും മികച്ച പ്രകടനം നടത്തി. സൈമ താകുര്‍, മലയാളി താരം മിന്നു മണി, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: India A team wins Women’s Asia Cup Rising Stars Cricket Tournament

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ