തോറ്റെന്ന് കരുതിയ കളി ബൗളര്‍മാര്‍ തൂക്കി; ലങ്കയെ വീഴ്ത്തി ഇന്ത്യ, മുന്നില്‍
Cricket
തോറ്റെന്ന് കരുതിയ കളി ബൗളര്‍മാര്‍ തൂക്കി; ലങ്കയെ വീഴ്ത്തി ഇന്ത്യ, മുന്നില്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 9th June 2026, 7:01 pm

ശ്രീലങ്ക എയ്‌ക്കെതിരെ വിജയം സ്വന്തമാക്കി ഇന്ത്യ എ. ദാംബുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 48.5 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ശ്രീലങ്ക വിജയം നേടുമെന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാണ് കളി തിരിച്ച് പിടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അനുകുല്‍ റോയ്, അര്‍ഷാദ് ഖാന്‍, ആയുഷ് ബദോണി, വിപ്രജ് നിഗം എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അന്‍ഷുല്‍ കാംബോജ് ഒരു വിക്കറ്റും നേടി.

ലങ്കയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സഹാന്‍ അരച്ചിഗെയാണ്. 72 പന്തില്‍ 74 റണ്‍സായിരുന്നു താരം നേടിയത്. താരത്തെ പുറത്താക്കിയത് അന്‍ഷുല്‍ കാംബോജാണ്. താരത്തിന് പുറമെ ഓപ്പണര്‍മാരായ നിറോഷന്‍ ഡിക്വെല്ല 47 റണ്‍സും അവിഷ്‌ക ഫെര്‍ണാണ്ടോ 45 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

വൈസ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ സ്വന്തമാക്കിയത്. 114 പന്തില്‍ നിന്നും 101 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിന്റെ ഇന്നിങ്‌സ്.

ക്യാപ്റ്റന്‍ തിലക് വര്‍മ അര്‍ധ സെഞ്ച്വറിയും നേടി നിര്‍ണായകമായി. 97 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം സ്വന്തമാക്കിയത്. പ്രിയാന്‍ഷ് ആര്യ 32 റണ്‍സും സൂര്യാന്‍ഷ് ഷെഡ്‌ജെ 26 റണ്‍സും നേടി മികച്ചു നിന്നു.

ശ്രീലങ്കന്‍ ബൗളിങ്ങില്‍ മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റും ചമിക കരുണ രത്‌നെ, ഗാഗരുക സാങ്കേത്, വാനുജ സഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: India A Defeat Sri Lanka A First Match In Tri Series

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ