'ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല'; അഭ്യൂഹങ്ങള്‍ തള്ളി സുമലത
national news
'ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല'; അഭ്യൂഹങ്ങള്‍ തള്ളി സുമലത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2023, 8:44 am

ബെംഗളൂരു: ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് താന്‍ ആലോചിച്ചിക്കുന്നില്ലെന്ന് സുമലത അംബരീഷ് എം.പി.

കര്‍ണാടകയിലെ മാണ്ഡ്യ (Mandya) മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എം.പിയായ സുമലത ബി.ജെ.പിയില്‍ ചേരുമെന്ന തരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടായിരുന്നു. ഇവ തള്ളിക്കൊണ്ടാണ് ഇപ്പോള്‍ നടി കൂടിയായ സുമലത തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭാവി രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കാന്‍ അനുയായികളുടെ അഭിപ്രായങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും എം.പി പറഞ്ഞു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും സുമലത കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാണ്ഡ്യ സന്ദര്‍ശനത്തിന് മുന്നോടിയായി ബി.ജെ.പി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളിലും അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററിലും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം സുമലതയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

സുമലത ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെക്കാലമായി നടന്നുവരികയാണെന്നും കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ സി.പി യോഗേശ്വര്‍ ആയിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. സുമലതയുടെ മനസ് ബി.ജെ.പിക്കൊപ്പമാണെന്നുള്ള തരത്തിലും യോഗേശ്വര്‍ പ്രസ്താവന നടത്തിയിരുന്നു.

ഇതിനിടെ സുമലതയുടെ അടുത്ത അനുയായിയായ സച്ചിദാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നതും അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ കാരണമായി. എന്നാല്‍ സച്ചിദാനന്ദ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ താനും ആ പാര്‍ട്ടിയിലേക്ക് പോകുമെന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സുമലത വ്യക്തമാക്കിയിരിക്കുന്നത്.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥി നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു സുമലത പാര്‍ലമെന്റിലെത്തിയത്. മണ്ഡലത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

Content Highlight: Independent Mandya MP Sumalatha says she won’t join BJP