ശ്രീലങ്കയ്ക്ക് എതിരെയുള്ള മൂന്നാം ടി – 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 112 റണ്‍സാണ് എടുത്തത്. രേണുക സിങ് താക്കൂറിന്റെയും ദീപ്തി ശര്‍മയുടെയും ബൗളിങ് കരുത്തിലാണ് ഇന്ത്യ ലങ്കന്‍ വനിതകളെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 12 പന്തില്‍ മൂന്ന് റണ്‍സെടുത്ത ക്യാപ്റ്റന്‍ ചമാരി അത്തപത്തുവാണ് തിരികെ നടന്നത്. ദീപ്തി ശര്‍മയാണ് ഈ വിക്കറ്റ് വീഴ്ത്തിയത്.
മത്സരത്തിനിടെ ഇന്ത്യൻ വനിതാ താരങ്ങൾ. Photo: BCCI Women/x.com
അടുത്ത ഓവറില്‍ ഹസിനി പെരേര 18 പന്തില്‍ 25 റണ്‍സെടുത്ത് മടങ്ങി. രേണുക സിങ്ങാണ് ഈ വിക്കറ്റ് നേടിയത്. ആ ഓവറില്‍ അവസാന പന്തില്‍ ഹര്‍ഷിത സമരവിക്രമയെയും താരം പുറത്താക്കി. നാല് പന്തില്‍ വെറും രണ്ട് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഏറെ വൈകാതെ ശ്രീലങ്കയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. ഇത്തവണ രേണുകയ്ക്ക് വിക്കറ്റ് നല്‍കി നിലാക്ഷി ഡി സില്‍വയാണ് മടങ്ങിയത്. ഒമ്പത് പന്തില്‍ നാല് റണ്‌സെടുത്തതായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെ ഒത്തുചേര്‍ന്ന ഇമേശ ദുലാനി – കവിഷ ദില്‍ഹാരി എന്നിവര്‍ ടീമിനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഈ സഖ്യവും വലിയ സ്വാധീനമുണ്ടാക്കാതെ പിരിഞ്ഞു. 13 പന്തില്‍ 20 റണ്‍സ് നേടിയ ദില്‍ഹാരി മടങ്ങിയതോടെ ഇവരുടെ സഖ്യം 40 റണ്‍സ് ചേര്‍ത്ത് പിരിയുകയായിരുന്നു.
ഏറെ വൈകാതെ ദുലാനി, മല്‍ഷ ഷെഹാനി എന്നിവരെയും നഷ്ടമായി. യഥാക്രമം 27, അഞ്ച് എന്നിങ്ങനെയാണ് ഇവരുടെ സ്‌കോര്‍. പിന്നാലെയാണ് കൗഷാനി നുത്യംഗനയും മാല്‍കി മദാരയും ഒരുമിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 112ല്‍ എത്തിച്ചു. നുത്യംഗന 16 പന്തില്‍ 19 റണ്‍സും മദാര അഞ്ച് പന്തില്‍ ഒരു റണ്‍സും എടുത്ത് പുറത്താവാതെ നിന്നു.