അയര്‍ലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ഏകദിനം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നാം ഏകദിനത്തിലും വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സാണ് ഇന്ത്യന്‍ ടീം പടുത്തുയര്‍ത്തിയത്. വനിതാ ഏകദിനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ 400 റണ്‍സ് മാര്‍ക് പിന്നിടുന്നത്.
Innings Break!
A 𝗥𝗲𝗰𝗼𝗿𝗱-𝗕𝗿𝗲𝗮𝗸𝗶𝗻𝗴 batting display from #TeamIndia in Rajkot! 🙌 🙌
Hundreds for Pratika Rawal & captain Smriti Mandhana 👏
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ ടീം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡാണ് ഇന്ത്യ സൗരാഷ്ട്രയില്‍ പടുത്തുയര്‍ത്തിയത്. പുരുഷ- വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടോട്ടലാണിത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 418/5 ആണ് പുരുഷ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റുവുമുയര്‍ന്ന ടോട്ടല്‍.
ഈ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്വന്തമാക്കിയ 370 റണ്‍സായിരുന്നു ഇതിന് മുമ്പ് വനിതാ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍. ഈ നേട്ടം പിറന്ന് കൃത്യം മൂന്നാം ദിവസം തന്നെ അതേ റെക്കോഡ് തകര്‍ത്താണ് ഇന്ത്യന്‍ ടീം ചരിത്രമെഴുതിയത്.
വനിതാ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലുകള്‍
(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
435/5 – അയര്‍ലന്‍ഡ് – രാജ്കോട്ട് – 2025*
370/5 അയര്‍ലന്‍ഡ് – രാജ്കോട്ട് – 2025
358/2 അയര്‍ലന്‍ഡ് – സെന്‍വെസ് പാര്‍ക് – 2017
358/5 വെസ്റ്റ് ഇന്‍ഡീസ് – വഡോദര – 2024
333/5 ഇംഗ്ലണ്ട് – കാന്റര്‍ബറി – 2022
325/3 സൗത്ത് ആഫ്രിക്ക – ബെംഗളൂരു – 2024
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും പ്രതീക റാവലിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്. ഓപ്പണര്‍മാരായി ഇറങ്ങിയ ഇരുവരും സെഞ്ച്വറിയടിച്ചാണ് സന്ദശകരെ നിഷ്പ്രഭമാക്കിയത്.
129 പന്ത് നേരിട്ട് 154 റണ്‍സ് നേടിയാണ് പ്രതീക റാവല്‍ പുറത്തായത്. 20 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന കരിയറിലെ ആറാം മത്സരത്തിലാണ് താരം തന്റെ കന്നി സെഞ്ച്വറി അടിച്ചെടുത്തത്.
അതേസമയം, കരിയറിലെ 10ാം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറിയാണ് ക്യാപ്റ്റന്‍ മന്ഥാന തന്റെ പേരില്‍ കുറിച്ചത്. നേരിട്ട 70ാം പന്തില്‍ ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയ മന്ഥാന, വനിതാ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ റെക്കോഡും തന്റെ പേരില്‍ കുറിച്ചു.
തേജല്‍ ഹസ്ബ്‌നിസ് (25 പന്തില്‍ 28), ഹര്‍ലീന്‍ ഡിയോള്‍ (പത്ത് പന്തില്‍ 15), ദീപ്തി ശര്‍മ (എട്ട് പന്തില്‍ പുറത്താകാതെ 11) എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.
അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡെര്‍ഗസ്റ്റ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോര്‍ജിന് ഡെംപ്‌സി, ഫ്രെയ സാര്‍ജെന്റ്, ആര്‍ലീന്‍ കെല്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: IND W vs IRE W: India’s highest total in women’s ODIs