ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിന് നാളെ തുടക്കമാവുകയാണ്. മൂന്ന് ടി-20കളടങ്ങിയ പരമ്പരയ്ക്കാണ് ശ്രേയസ് അയ്യരും സംഘവും ഷെവ്‌റോണ്‍സിന്റെ തട്ടകത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് പരമ്പരയിലെ ആദ്യ മത്സരം. ഹരാരെയാണ് വേദി.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്. സഞ്ജു സാംസണ്‍ അടക്കം ആറ് മാറ്റങ്ങളാണ് ടീം സ്‌ക്വാഡില്‍ വരുത്തിയിട്ടുള്ളത്.
ഇന്ത്യയുടെ മൂന്നാം ടി-20 ലോകകപ്പ് കിരീടനേട്ടത്തിന്റെ നെടുംതൂണായ സഞ്ജുവിനെ പരമ്പരയില്‍ നിന്നും ഒഴിവാക്കിയതില്‍ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍ താരങ്ങളടക്കം മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സഞ്ജുവിന് പുറമെ അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും പരമ്പരയില്‍ ഇടം നേടിയിട്ടില്ല.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ സംബന്ധിച്ച് ഈ പരമ്പര ഏറെ നിര്‍ണായകമാണ്. ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ആദ്യ വിജയവും ആദ്യ സീരീസ് വിജയവുമാണ് ശ്രേയസ് സിംബാബ്‌വേയ്‌ക്കെതിരെ ലക്ഷ്യമിടുന്നത്.
ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com
കഴിഞ്ഞ മാസം അവസാനത്തോടെ നടന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ നീലക്കുപ്പായക്കാര്‍ പാടെ നിരാശപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടിലും തോറ്റാണ് ഇന്ത്യ ആരാധകരെ ഞെട്ടിച്ചത്. ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ പരമ്പര നേടുന്നത്.
ശേഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 പരമ്പരയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-0നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു.
ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷമുള്ള രണ്ട് പരമ്പരയും തോറ്റ അയ്യര്‍, നാണക്കേടിന്റെ ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. യുവനിരയാല്‍ സമ്പന്നമായ ടീമിന് സിക്കന്ദര്‍ റാസയുടെ സംഘത്തെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.