ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ താരം മികച്ച ബാറ്റിങ്ങില്‍ പുറത്തെടുത്തിരുന്നു. മത്സരത്തിലെ ഒന്നാം ദിനം താരം 54 പന്തില്‍ 38 റണ്‍സ് സ്‌കോര്‍ ചെയ്താണ് തിരികെ നടന്നത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഒരു സിക്സും അഞ്ച് ഫോറുമാണ്.
ഈ പ്രകടനത്തോടെ ഒരു എലീറ്റ് ലിസ്റ്റിലാണ് താരം ഇടം പിടിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് രാഹുലിന് സാധിച്ചത്. ഈ നേട്ടത്തിലെത്തുന്ന ഏഴാം ഇന്ത്യന്‍ താരമാണ് വലം കൈയ്യന്‍ ബാറ്റര്‍.
റിഷബ് പന്ത്, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, യശസ്വി ജെയ്സ്വാള്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയത്. 2731 റണ്‍സുമായി പന്താണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്.
അതേസമയം, മത്സരത്തിന്റെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 318 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ക്രീസിലുള്ളത് യശസ്വി ജെയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്.
ജെയ്സ്വാള്‍ 253 പന്തുകള്‍ നേരിട്ട് 173 റണ്‍സാണ് അടിച്ചെടുത്തത്. 22 ഫോറുകളാണ് താരം തന്റെ ഇന്നിങ്‌സില്‍ അതിര്‍ത്തി കടത്തിയത്.
ഗില്‍ 68 പന്തില്‍ 20 റണ്‍സുമായാണ് മറുവശത്ത് നിലയുറപ്പിച്ചിട്ടുള്ളത്. മൂന്ന് ഫോറാണ് നായകന്‍ അടിച്ചത്. രാഹുലിന് പുറമെ, സായ് സുദര്‍ശന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സുദര്‍ശന്‍ 65 പന്തുകളില്‍ 12 ഫോറടക്കം 87 റണ്‍സ് നേടിയാണ് തിരികെ നടന്നത്.
വിന്‍ഡീസിനായി ജോമല്‍ വാരിക്കനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. താരത്തിനാണ് മത്സരത്തിലെ രണ്ട് വിക്കറ്റുകളും. താരം 20 ഓവറില്‍ 60 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് വാരിക്കന്റെ ഈ പ്രകടനം.
Content Highlight: Ind vs WI: KL Rahul completes 2000 runs in World Test Championship and joins Rohit Sharma and Virat Kohli