സ്ലിപ് ആവശ്യമില്ലാത്ത വിക്കറ്റ് കീപ്പർ; പന്തിന്റെ അഭാവത്തിൽ തിളങ്ങുന്ന ജുറെൽ
Sports News
സ്ലിപ് ആവശ്യമില്ലാത്ത വിക്കറ്റ് കീപ്പർ; പന്തിന്റെ അഭാവത്തിൽ തിളങ്ങുന്ന ജുറെൽ
ഫസീഹ പി.സി.
Saturday, 4th October 2025, 8:52 am
റിഷബിന്റെ അഭാവത്തില്‍ ജുറെല്‍ തനിക്ക് കിട്ടിയ അവസരങ്ങളെ ഏറ്റവും മികവുള്ളതാക്കി മാറ്റുകയാണ്. ഇന്ത്യക്കായി വെള്ള കുപ്പായത്തില്‍ ഇറങ്ങി തന്റെ ആറാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനും ഈ റോളിന് അര്‍ഹനെന്ന് തെളിയിക്കുകയാണ്.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 448 എന്ന നിലയിലാണ്. ആതിഥേയര്‍ക്ക് മത്സരത്തില്‍ 286 റണ്‍സിന്റെ ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജ (176 പന്തില്‍ 104*) വാഷിങ്ടണ്‍ സുന്ദര്‍ (13 പന്തില്‍ 9*) എന്നിവരാണ് ക്രീസിലുള്ളത്.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് – 162/10

ഇന്ത്യ – 448/5 (രണ്ടാം ദിനം അവസാനിക്കുമ്പോള്‍)

മൂന്ന് സെഞ്ച്വറികളുടെയും ഒരു അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യന്‍ സംഘം വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അതില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയത് വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായപ്പോള്‍ കെ.എല്‍. രാഹുല്‍ ടീമിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നാലെ, ജഡേജയും ജുറെലും മൂന്നക്കം കടന്നു.

ജുറെലാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. താരം 210 പന്തുകള്‍ നേരിട്ട് 125 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്സും 15 ഫോറുമാണ് പിറന്നത്. ഖാരി പിയറിക്ക് വിക്കറ്റ് നല്‍കിയാണ് താരം തിരികെ നടന്നത്. അതിന് മുമ്പ് ജഡേജയുമായി 206 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തിയിരുന്നു.

അഞ്ചാമനായി ഇറങ്ങിയ ജുറെല്‍ ഇന്ത്യന്‍ ടീമില്‍ വലിയ പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്. എന്നാല്‍, താരം ടീമിലെത്തിയതാകട്ടെ ഒരാളുടെ പരിക്ക് കാരണമെന്നതാണ് ശ്രദ്ധേയം. സൂപ്പര്‍ താരം റിഷബ് പന്തിന്റെ പരിക്കാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തിന് ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്ക് വഴിയൊരുക്കിയത്.

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കിടെയാണ് പന്തിന് കാലിന് പരിക്കേറ്റത്. പരമ്പരയിലെ നാലാം മത്സരത്തില്‍ പരിക്കേറ്റ താരം പുറത്തായതോടെയാണ് ജുറെല്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഇറങ്ങി. പിന്നാലെത്തിയ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഒന്നാം വിക്കറ്റ് കീപ്പറായി ഇടം പിടിക്കുകയും ചെയ്തു.

ഇപ്പോള്‍ റിഷബിന്റെ അഭാവത്തില്‍ ജുറെല്‍ തനിക്ക് കിട്ടിയ അവസരങ്ങളെ ഏറ്റവും മികവുള്ളതാക്കി മാറ്റുകയാണ്. ഇന്ത്യക്കായി വെള്ള കുപ്പായത്തില്‍ ഇറങ്ങി തന്റെ ആറാം മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ താനും ഈ റോളിന് അര്‍ഹനെന്ന് തെളിയിക്കുകയാണ്. സെഞ്ച്വറിയോടെ താരം ചരിത്രത്തിലപ്പുറം ആരാധകരുടെ മനസില്‍ കൂടിയാണ് തന്റെ പേര് സ്വര്‍ണ ലിപിയില്‍ കോറിയിടുന്നത്.

ബാറ്റിങ്ങില്‍ മാത്രമല്ല, ഫീല്‍ഡിങ്ങിലും കീപ്പിങ്ങിലും ജുറെല്‍ തന്റെ കഴിവ് തെളിയിക്കുന്നുണ്ട്. വിന്‍ഡീസിനെതിരെ നാല് ഡിസ്മിസലുകളാണ് താരം നടത്തിയത്. ഈ പ്രകടനങ്ങളെയും തീരെ വില കുറച്ച് കാണാനോ മാറ്റി വെക്കാനോ നമുക്കാവില്ല. പന്ത് തിരിച്ചെത്തുമ്പോള്‍ ടീമിലെ സ്ഥാനം ജുറെലിന് കൈയൊഴിയേണ്ടി വന്നേക്കാം. എന്നാല്‍, അയാള്‍ പന്തിനെതിരെ ഒരു വെല്ലുവിളിയും പോരാട്ടവും ഉയര്‍ത്തിയാണ് ഈ സ്ഥാനമൊഴിയുക.

Content Highlight: Ind vs WI: Dhruv Jurel stuns with performance after featuring in Indian test team due to Rishabh Pant’s Injury

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി