2025 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഗംഭീര വിജയവുമായാണ് ഇന്ത്യ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 93 പന്ത് ശേഷിക്കെ നീലക്കുപ്പായക്കാര്‍ മറികടക്കുകയായിരുന്നു.
2.1 ഓവര്‍ പന്തെറിഞ്ഞ് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ മുഹമ്മദ് വസീം, രാഹുല്‍ ചോപ്ര, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് കുല്‍ദീപ് സ്വന്തമാക്കിയത്. ശിവം ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും മികച്ച പ്രകടനവുമായി തിളങ്ങി. രണ്ട് മികച്ച ക്യാച്ചുകളുമായാണ് സഞ്ജു കയ്യടി നേടിയത്. ആസിഫ് ഖാന്‍, ഹൈദര്‍ അലി എന്നിവരുടെ ക്യാച്ചുകളാണ് താരം കൈപ്പിടിയിലൊതുക്കിയത്.
ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ക്യാച്ചുകളുമായി തുടങ്ങിയ സഞ്ജു ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്ക് കൂടിയാണ് കണ്ണുവെക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ നടത്തുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് സഞ്ജുവിന് മുമ്പിലുള്ളത്.
മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്. 2016 സീസണില്‍ ഏഴ് ഡിസ്മിസ്സലുകള്‍ക്കാണ് ധോണി വഴിയൊരുത്തിയത്. ആറ് ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമടക്കമാണ് ധോണി ഏഴ് തവണ എതിര്‍ ടീം താരങ്ങളെ പവലിയനിലേക്ക് മടക്കിയത്.
ധോണിക്കൊപ്പം തന്നെ ഏഴ് വിക്കറ്റുകളുമായി യു.എ.ഇ വിക്കറ്റ് കീപ്പര്‍ സ്വപ്‌നില്‍ പാട്ടീലും ഈ റെക്കോഡിലുണ്ട്. 2016 സീസണില്‍ ആറ് ക്യാച്ചും ഒരു സ്റ്റംപിങ്ങുമടക്കം ഏഴ് ഡിസ്മിസ്സലുകള്‍ക്കാണ് പാട്ടീലും വഴിയൊരുക്കിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 14ന് നടക്കുന്ന മത്സരത്തിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.
Content Highlight: IND vs UAE: Sanju Samson’s brilliant keeping performance against UAE