പരാതിയില്ല പരിഭവമില്ല, മികച്ച പ്രകടനം മാത്രം; തിളങ്ങി സഞ്ജു സാംസണ്‍
Asia Cup
പരാതിയില്ല പരിഭവമില്ല, മികച്ച പ്രകടനം മാത്രം; തിളങ്ങി സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 26th September 2025, 10:23 pm

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ മികച്ച പ്രകടനവുമായി സഞ്ജു സാംസണ്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജു തിളങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ എട്ടാം നമ്പറിലേക്ക് ഡീമോട്ട് ചെയ്യപ്പെട്ട താരത്തിന് ലങ്കയ്‌ക്കെതിരെ ഇന്ത്യ അഞ്ചാം നമ്പറിലെ ബാറ്റിങ് പൊസിഷന്‍ തിരികെ നല്‍കി. ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ അഭിഷേക് ശര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഞ്ജുവിന് മേല്‍ സമ്മര്‍ദവുമേറെയായിരുന്നു.

അഭിഷേക് സമ്മാനിച്ച മൊമെന്റം നഷ്ടപ്പെടുത്താതെ ബാറ്റ് വീശണം, തന്റെ രക്തത്തിനായി ദാഹിക്കുന്നവര്‍ക്ക് മറുപടി നല്‍കണം എന്നിങ്ങനെ ഒട്ടേറെ ചിന്തകള്‍ താരത്തിന്റെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകാം. എന്നാല്‍ എപ്പോഴുമെന്ന പോലെ ശാന്തനായി സഞ്ജു ബാറ്റ് വീശി.

ലങ്കന്‍ ബൗളര്‍മാരുടെ മികച്ച പന്തുകളെ ബഹുമാനിച്ചും മോശം പന്തുകളെ പ്രഹരിച്ചും ബാറ്റിങ് ആരംഭിച്ച സഞ്ജു തുടര്‍ന്നങ്ങോട്ട് സ്വതസിദ്ധമായ രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടി-20യില്‍ തന്നെ ബണ്ണിയാക്കിയ വാനിന്ദു ഹസരങ്കയെ അടക്കം ആരെയും ഭയക്കാതെ ബാറ്റ് വീശുന്ന സഞ്ജുവിനെയാണ് ദുബായില്‍ ആരാധകര്‍ കണ്ടത്.

നാലാം വിക്കറ്റില്‍ തിലക് വര്‍മയ്‌ക്കൊപ്പം അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് സഞ്ജു തിളങ്ങിയത്. ടീം സ്‌കോര്‍ 92ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിഞ്ഞത് 158ലാണ്. സഞ്ജുവിനെ മടക്കി ദാസുന്‍ ഷണകയാണ് ബ്രേക് ത്രൂ സമ്മാനിച്ചത്.

16ാം ഓവറിലെ മൂന്നാം പന്തില്‍ മിസ് ഹിറ്റായ താരത്തെ നായകന്‍ ചരിത് അലസങ്ക ഒരു മികച്ച ക്യാച്ചിലൂടെ മടക്കുകയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് വീശവെ പുറത്തായതിന്റെ സകല നിരാശയും പ്രകടിപ്പിച്ചുകൊണ്ടായിരുന്നു സഞ്ജു തിരികെ നടന്നത്.

പുറത്താകുമ്പോള്‍ 23 പന്തില്‍ 39 റണ്‍സാണ് സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഒരു ഫോറും മൂന്ന് സിക്‌സറും അടക്കം 169.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വീണ്ടും നിരാശപ്പെടുത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സിലെത്തി.

31 പന്തില്‍ 61 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 196.77 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

34 പന്ത് നേരിട്ട് പുറത്താകാതെ 49 റണ്‍സ് നേടിയ തിലക് വര്‍മയുടെ പ്രകടനവും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.

അതേസമയം, ക്യാപ്റ്റന്‍ സൂര്യകുമാര്‍ ടയാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ നാല് റണ്‍സുമായി നില്‍ക്കവെ റിട്ടേണ്‍ ക്യാച്ചായി ഗില്‍ മടങ്ങി. 13 പന്തില്‍ 12 റണ്‍സാണ് സൂര്യ നേടിയത്.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ, ചരിത് അസലങ്ക, വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര, ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

Content Highlight: IND vs SL: Sanju Samson’s brilliant batting performance