ഒറ്റ റണ്ണിന് രോഹിത്തിനെ കടത്തി വെട്ടി കോഹ്‌ലി; ഏകദിനത്തില്‍ ഇന്ത്യയുടെ 'കിങ്'
Cricket
ഒറ്റ റണ്ണിന് രോഹിത്തിനെ കടത്തി വെട്ടി കോഹ്‌ലി; ഏകദിനത്തില്‍ ഇന്ത്യയുടെ 'കിങ്'
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th December 2025, 7:25 am

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. സീരീസ് ഡിസൈഡറില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. യശസ്വി ജെയ്സ്വാളിന്റെ കരുത്തില്‍ മത്സരത്തില്‍ വിജയിച്ചതോടെ പരമ്പരയും ഇന്ത്യ നേടി.

പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് സൂപ്പര്‍ താരം വിരാട് കോഹ്‌ലി നടത്തിയത്. ആദ്യ രണ്ട് മത്സരത്തില്‍ സെഞ്ച്വറി നേടിയ താരം മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയും തികച്ചു. 45 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സായിരുന്നു താരത്തിന്റെ ഈ മത്സരത്തിലെ സ്‌കോര്‍.

മത്സരത്തിനിടെ വിരാട് കോഹ്‌ലി Photo: BCCI/x.com

അതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സും താരത്തിന് നേടാന്‍ സാധിച്ചു. പരമ്പരയിലുടനീളമുള്ള ഈ മികവിന് കോഹ്‌ലിക്ക് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡും ലഭിച്ചു. ഒപ്പം ഏകദിനത്തില്‍ 2025ലെ ഇന്ത്യയുടെ ടോപ് സ്‌കോറാവുകയും ചെയ്തു. അതാകട്ടെ രോഹിത് ശര്‍മയെ ഒരു റണ്‍സിന് പിറകിലാക്കിയാണ് എന്നതാണ് ശ്രദ്ധേയം.

കോഹ്‌ലി 651 റണ്‍സുമായി ഒന്നാമതെത്തിയപ്പോള്‍ രോഹിത്തിന്റെ സമ്പാദ്യം 650 റണ്‍സാണ്. ഇവര്‍ മാത്രമാണ് ഇന്ത്യക്കായി 50 ഓവര്‍ ക്രിക്കറ്റില്‍ ഈ വര്‍ഷം 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

2025ല്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍, റണ്‍സ്

വിരാട് കോഹ്‌ലി – 651

രോഹിത് ശര്‍മ – 650

ശ്രേയസ് അയ്യര്‍ – 496

ശുഭ്മന്‍ ഗില്‍ – 490

മത്സരത്തിനിടെ യശസ്വി ജെയ്സ്വാള്‍ Photo: BCCI/x.com

അതേസമയം, മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 271 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 61 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആതിഥേയര്‍ക്കായി മിന്നും പ്രകടനമാണ് ഓപ്പണറായ  യശസ്വി ജെയ്സ്വാള്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ കന്നി സെഞ്ച്വറി നേടിയ താരം 121 പന്തില്‍ രണ്ട് സിക്സും 12 ഫോറും അടക്കം പുറത്താകാതെ 116 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഒപ്പം  രോഹിത് ശര്‍മയും മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടി. 73 പന്തില്‍ മൂന്ന് സിക്സറും ഏഴ് ഫോറും ഉള്‍പ്പെടെ 75 റണ്‍സാണ് ഹിറ്റ്മാന്റെ സ്‌കോര്‍. താരം കേശവ് മഹാരാജിന്റെ പന്തില്‍ മാത്യു ബ്രീറ്റ്‌സ്‌കെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

മത്സരത്തിനിടെ രോഹിത് ശര്‍മ Photo: BCCI/x.com

മറുവശത്ത് പ്രോട്ടിയാസിനായി ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് സെഞ്ച്വറി നേടി. 89 പന്തില്‍ നിന്ന് ആറ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 106 റണ്‍സ് നേടിയാണ് താരം പുറത്തായത്. ക്യാപ്റ്റന്‍ തെംബ ബാവുമ (67 പന്തില്‍ 48), ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 29) കേശവ് മഹാരാജ് (29 പന്തില്‍ 20*) എന്നിവരും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയുമാണ്. ഇരുവരും നാല് വിക്കറ്റാണ് വിഴ്ത്തിയത്. അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Content Highlight: Ind vs SA: Virat Kohli became leading run scorer for India in ODI by overtaking Rohit Sharma with one run