ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ; ബാബറടിച്ച നേട്ടത്തില്‍ കോഹ്‌ലിക്കെത്താന്‍ സാധിക്കുമോ?
Cricket
ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യ; ബാബറടിച്ച നേട്ടത്തില്‍ കോഹ്‌ലിക്കെത്താന്‍ സാധിക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th December 2025, 8:36 am

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള പരമ്പരയില്‍ മൂന്നാം ഏകദിനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് വിശാഖപട്ടണത്താണ് ഈ മത്സരം നടക്കുക. പരമ്പര സ്വന്തമാക്കാന്‍ ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

നിലവില്‍ ഇന്ത്യയും പ്രോട്ടിയാസും ഒപ്പത്തിനൊപ്പമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയും റായ്പ്പൂരിലെ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരും ജയിച്ചു. അതോടെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുമ്പോള്‍ ജയമെന്ന ഒറ്റ ലക്ഷ്യമായിരിക്കും ഇരു ടീമുകളുടെയും ഉന്നം. അതിനാല്‍ തന്നെ ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും ഈ മത്സരം.

സൗത്ത് ആഫ്രിക്കക്ക് എതിരെ ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലി Photo: BCCI/x.com

ഇരുടീമുകളും കനത്ത പോരാട്ടം കാഴ്ചവെക്കുമെന്ന് ഉറപ്പാണെങ്കിലും ഇന്നത്തെ ശ്രദ്ധാകേന്ദ്രം ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. താരത്തിന്റെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ഈ മത്സരത്തിലും തുടരുമെന്നാണ് ഏവരുടെയും പ്രതീക്ഷ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കോഹ്‌ലി സെഞ്ച്വറി അടിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഈ മത്സരത്തിലും കിങ് കോഹ്‌ലി സെഞ്ച്വറി നേടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെ താരത്തിന് മൂന്നാം മത്സരത്തിലും മൂന്നക്കം കടക്കാനായാല്‍ സെഞ്ച്വറി നേട്ടത്തില്‍ ഹാട്രിക്ക് അടിക്കാം. അതിനൊപ്പം ഏകദിനത്തില്‍ ഈ ഹാട്രിക്ക് രണ്ട് വട്ടം നേടുന്ന രണ്ടാമത്തെ താരമാകാന്‍ സാധിക്കും.

ബാബർ അസം Photo: KIng Babar Azam Gang/x.com

പാകിസ്ഥാന്‍ താരം ബാബര്‍ അസം മാത്രമാണ് നിലവില്‍ രണ്ട് തവണ ഹാട്രിക്ക് സെഞ്ച്വറി നേടിയത്. താരം 2016ലാണ് ആദ്യം ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. അന്ന് എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു. പിന്നീട് 2022ലും ബാബര്‍ ഈ നേട്ടത്തിലെത്തി. അന്നത്തെ ആദ്യ രണ്ട് സെഞ്ച്വറി ഓസ്ട്രേലിയക്കെതിരെയായിരുന്നു. മൂന്നാമത്തെ സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിനെതിരെയും.

ഈ നേട്ടത്തിലേക്കാണ് കോഹ്‌ലിയും കണ്ണുവെക്കുന്നത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ താരം തന്റെ ആദ്യ ഹാട്രിക്ക് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ പരമ്പരയില്‍ കൂടി അപൂര്‍വ ട്രിപ്പിളില്‍ എത്താന്‍ സാധിച്ചാല്‍ ബാബറിനൊപ്പം തന്റെ പേരും എഴുതി ചേര്‍ക്കാം. എന്നാല്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടം ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര തന്നെ കൈവശം വെക്കും.

കുമാർ സംഗക്കാര Photo: Starsports/x.com

സംഗക്കാര തുടര്‍ച്ചയായ നാല് ഇന്നിങ്സിലാണ് സെഞ്ച്വറിയിലെത്തിയത്. ഇത് 2015ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. അന്ന് ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സ്‌കോട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരെയായിരുന്നു ഈ പ്രകടനം.

Content Highlight: Ind vs SA: Can Virat Kohli again hit hat-trick Century in ODI and join Babar Azam who has achieved this feat two times