കിങ്ങിനെയും ഗില്ലിനെയും വെട്ടി തിലകിന്റെ തേരോട്ടം; ഇവന്‍ സൂപ്പറാടാ...
Cricket
കിങ്ങിനെയും ഗില്ലിനെയും വെട്ടി തിലകിന്റെ തേരോട്ടം; ഇവന്‍ സൂപ്പറാടാ...
ഫസീഹ പി.സി.
Monday, 15th December 2025, 10:45 am

ധര്‍മശാലയില്‍ നടന്ന മൂന്നാം ടി – 20യില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങ് വാണ് മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. വിജയത്തോടെ പരമ്പരയില്‍ ആതിഥേയര്‍ 2 -1ന് മുന്നിലെത്തി.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ യുവതാരം തിലക് വര്‍മ സെന്‍സിബിള്‍ ഇന്നിങ്സ് പുറത്തെടുത്തിരുന്നു. താരം 34 പന്തില്‍ പുറത്താവാതെ 26 റണ്‍സാണ് എടുത്തത്. ഒറ്റ സിക്‌സ് പോലും നേടിയില്ലെങ്കിലും താരം മൂന്ന് തവണ പന്ത് അടിച്ച് ബൗണ്ടറി വരയിലെത്തിച്ചിരുന്നു.

തിലക് വര്‍മ. Photo: Johns/x.com

ഈ മത്സരത്തില്‍ ടി – 20യില്‍ 4000 റണ്‍സ് എന്ന മാര്‍ക്ക് താരം പിന്നിട്ടിരുന്നു. ഇതോടൊപ്പം ഈ നേട്ടത്തില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാന്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ക്ക് സാധിച്ചിരുന്നു.

125 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് പൂര്‍ത്തിയാക്കിയത്. മുംബൈ ഇന്ത്യൻസ്, ഹൈദരാബാദ്, ഇന്ത്യ എ, ഇന്ത്യ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചാണ് താരം ഇത്രയും റൺസ് സ്കോർ ചെയ്തത്. ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് താരം ഈ നേട്ടത്തിലെത്തിയത്.

ടി – 20 യില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, മത്സരം

ഋതുരാജ് ഗെയ്ക്വാദ് – 116

കെ.എല്‍. രാഹുല്‍ – 117

തിലക് വര്‍മ – 125

ശുഭ്മന്‍ ഗില്‍ – 129

വിരാട് കോഹ്‌ലി – 138

ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും മത്സരത്തിനിടെ.Photo: BCCI/x.com

തിലകിന് പുറമെ, ഇന്ത്യന്‍ ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയായിരുന്നു. 18 പന്തില്‍ മൂന്ന് വീതം സിക്സറും ഫോറുകളും അടിച്ച് 35 റണ്‍സാണ് താരം നേടിയത്. കൂടാതെ, ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 28 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി.

പ്രോട്ടിയാസിനായി കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, മാര്‍ക്കോ യാന്‍സന്‍ എന്നവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: Ind vs SA: Tilak Varma became third fastest Indian to complete 4000 runs in T20

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി