പന്ത്രണ്ടാമനാവാന്‍ സഞ്ജു; ഉന്നമിടുന്നത് കോഹ്‌ലിയും രോഹിത്തുമുള്ള നേട്ടം
Asia Cup
പന്ത്രണ്ടാമനാവാന്‍ സഞ്ജു; ഉന്നമിടുന്നത് കോഹ്‌ലിയും രോഹിത്തുമുള്ള നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st September 2025, 5:03 pm

ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ മത്സരമാണ് നടക്കാനിരിക്കുന്നത്. ഈ ആവേശപ്പോരിന് വേദിയാവുന്നത് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ്. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.

ഇന്ന് വീണ്ടും പാക് ടീമിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഈ വിജയം ആവര്‍ത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍, ആദ്യ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാവും സല്‍മാന്‍ അലി ആഘയും സംഘവും ഇറങ്ങുക. ഗ്രൂപ്പ് സ്റ്റേജില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച് നാല് പോയിന്റുമായാണ് പാക് ടീം സൂപ്പര്‍ ഫോറില്‍ എത്തിയത്. ഒമാനെതിരെയും യു.എ.ഇക്കെതിരെയുമാണ് പാകിസ്ഥാന്‍ വിജയിച്ചത്.

അതേസമയം, അപരാജിതരായാണ് സൂര്യയും സംഘവും സൂപ്പര്‍ ഫോറില്‍ എത്തിയത്. ആധികാരികമായ വിജയങ്ങളോടെ ടേബിള്‍ ടോപ്പേഴ്സായാണ് ഇന്ത്യയുടെ വരവ്. ഈ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാവും ഇന്ത്യന്‍ സംഘം കളത്തില്‍ മെന്‍ ഇന്‍ ഗ്രീനിനെ നേരിടാന്‍ ഇറങ്ങുക.

ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. അന്താരാഷ്ട്ര ടി – 20യില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് സ്വന്തമാക്കാനാണ് സഞ്ജുവിന് സാധിക്കുക. അതിനാകട്ടെ താരത്തിന് വേണ്ടത് 83 റണ്‍സ് മാത്രമാണ്.

കുട്ടി ക്രിക്കറ്റില്‍ നിലവില്‍ സഞ്ജു 917 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. 45 മത്സരങ്ങളിലെ 39 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് നേടിയത്. 150.32 എന്ന സ്‌ട്രൈക്ക് റേറ്റും 26.20 ശരാശരിയുമാണ് താരത്തിന് ഈ ഫോര്‍മാറ്റിലുള്ളത്. ടി – 20യില്‍ സഞ്ജുവിന് മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമുണ്ട്. ഒപ്പം ഈ ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ച് 52 സിക്സും 74 ഫോറും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ഇന്ന് പാകിസ്ഥാനെതിരെ 1000 റണ്‍സ് എന്ന കടമ്പ മറികടക്കാനായാല്‍ ഈ നേട്ടത്തില്‍ എത്തുന്ന 12മത്തെ താരമാകാനും സഞ്ജുവിന് സാധിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിങ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, സഞ്ജുവിന് ഏഷ്യാ കപ്പില്‍ ഒമാനെതിരെയുള്ള അവസാന മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. ആ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 45 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും അടക്കം 56 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഒമാനെതിരെ അടിച്ചത്.

Content Highlight: Ind vs Pak: Sanju Samson need 83 runs to complete 1000 runs in  T20I