ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനാണ് ആരാധകര്‍ സാക്ഷിയാവുക. കഴിഞ്ഞ ദിവസം സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതോടെയാണ് മെന്‍ ഇന്‍ ഗ്രീന്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.
41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ 28നാണ് ടൂര്‍ണമെന്റ് ഫൈനല്‍ നടക്കുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഈ ചരിത്ര ഫൈനലിന് വേദി.
ഫൈനലില്‍ യോഗ്യത നേടിയതിന് പിന്നാലെ തങ്ങള്‍ ഏതൊരു ടീമിനെയും പരാജയപ്പെടുത്താന്‍ കഴിവുള്ള ടീമാണെന്ന് പറയുകയാണ് പാക് ടീം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിനെതിരെയുള്ള വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു പാക് നായകന്‍.
‘ഫൈനലില്‍ എത്തിയതില്‍ വലിയ സന്തോഷമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഏതൊരു ടീമിനെയും തോല്‍പ്പിക്കാന്‍ കഴിവുള്ള ടീമാണ് ഞങ്ങളുടേത്. ഞങ്ങള്‍ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രമിക്കും,’ ആഘ പറഞ്ഞു.
എന്നാല്‍, ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ടൂര്‍ണമെന്റില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴെല്ലാം പാക് ടീമിന് സൂര്യക്കും സംഘത്തിനും മുമ്പില്‍ കാലിടറിയിരുന്നു. ഗ്രൂപ്പ് മത്സരത്തില്‍ സെപ്റ്റംബര്‍ 14നാണ് ഇരു ടീമുകളും ടൂര്‍ണമെന്റില്‍ ആദ്യമായി കളിച്ചത്. ആ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.
സെപ്റ്റംബര്‍ 21ലെ സൂപ്പര്‍ ഫോറിലാണ് പിന്നീട് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നത്. ഇതിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയുടെ വിജയം.
ഈ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ആധിപത്യമായിരുന്നു. ഒന്നാം മത്സരത്തില്‍ പാകിസ്ഥാന്‍ വലിയ പോരാട്ടം കാഴ്ച വെച്ചിരുന്നില്ല. എന്നാല്‍, സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ചെറിയ പോരാട്ടമെങ്കിലും മെന്‍ ഇന്‍ ഗ്രീന്‍ നടത്തിയത്. അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിന് മുന്നില്‍ ഈ മത്സരത്തിലും പാക് ടീം വീഴുകയായിരുന്നു.
Content Highlight: Ind vs Pak: Salman Ali Agha says Pakistan Team is capable to beat any team include India