പാകിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കും: കമ്രാന്‍ അക്മല്‍
Cricket
പാകിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കും: കമ്രാന്‍ അക്മല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th September 2025, 3:05 pm

ഏഷ്യാ കപ്പില്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടുന്നത്. സെപ്റ്റംബര്‍ 14നാണ് ഇവരും പോരിനിറങ്ങുന്നത്. ഈ മത്സരത്തിലെ വിജയിയെ പ്രവചിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം കമ്രാന്‍ അക്മല്‍.

മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുകൂട്ടര്‍ക്കും സമ്മര്‍ദമുണ്ടാകുമെന്നും ത്രിരാഷ്ട്ര പരമ്പര വിജയിച്ച ആത്മവിശ്വാസം ടീമിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ആര്‍.വൈ ന്യൂസില്‍ സംസാരിക്കുകയായിരുന്നു അക്മല്‍.

‘ഇരു ടീമുകള്‍ക്കും സമ്മര്‍ദമുണ്ടാകും. ഇത് ആദ്യമായാണ് രണ്ട് ടീമുകളിലെയും യുവതാരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. ഞങ്ങളുടെ ടീം അടുത്തിടെ ത്രിരാഷ്ട്ര പരമ്പര ജയിച്ചിട്ടുണ്ട്. അതിലെ ആത്മവിശ്വാസം ടീമിനെ തുണക്കും. ഒരു മികച്ച പ്ലെയിങ് ഇലവനും പദ്ധതിയുമുണ്ടെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കും,’ അക്മല്‍ പറഞ്ഞു.

ടൂര്‍ണമെന്റുകള്‍ ഏതായാലും ആരാധകരെ എന്നും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം കളിക്കളത്തില്‍ ഏറ്റുമുട്ടുന്നത്. ഈ വര്‍ഷവും ഏഷ്യാ കപ്പില്‍ ഒരേ ഗ്രൂപ്പിലുള്ള ഇരുടീമുകളും ഞായറാഴ്ചയാണ് ദുബായ് സ്റ്റേഡിയത്തില്‍ പോരിനിറങ്ങുക.

ഇരുവരും വീണ്ടുമൊരു മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഇല്ലെന്നതാണ് ശ്രദ്ധേയം. മറുവശത്താകട്ടെ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ടീമിന് പുറത്താണ്. ടി – 20 ലോകകപ്പിന് പിന്നാലെ ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് കോഹ്ലിയും രോഹിത്തും ടീമില്‍ ഉള്‍പ്പെടാതിരുന്നത്. എന്നാല്‍, ബാബറിനെയും റിസ്വാനേയും മോശം ഫോമിനെ തുടര്‍ന്നാണ് പാക് ടീമില്‍ നിന്ന് പുറത്താക്കിയത്.

ആദ്യ മത്സരത്തിലെ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാവും സൂര്യയും സംഘവും മെന്‍ ഇന്‍ ഗ്രീനിനെ നേരിടാന്‍ എത്തുക. ഒന്നാം മത്സരത്തില്‍ യു.എ.ഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയം നീലക്കുപ്പായക്കാര്‍ സ്വന്തമാക്കിയിരുന്നു. വിജയത്തോടെ ഇന്ത്യ 10.48 എന്ന സൂപ്പര്‍ നെറ്റ് റണ്‍ റേറ്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

അതേസമയം, പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ മത്സരത്തിനായി ഇന്നാണ് കളത്തിലിറങ്ങുക. ഒമാനാണ് സല്‍മാന്‍ അലി ആഘയുടെ സംഘത്തിന്റെ എതിരാളികള്‍. ദുബായ് അന്താരാഷ്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Ind vs Pak: Kamran Akmal says Pakistan will surprise India in Asia Cup