പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടധാരണം; ഇങ്ങനെയൊന്ന് നാലാമത്തേത് മാത്രം!
Asia Cup
പാകിസ്ഥാനെ തോല്‍പ്പിച്ച് ഏഷ്യാ കപ്പ് കിരീടധാരണം; ഇങ്ങനെയൊന്ന് നാലാമത്തേത് മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th September 2025, 8:41 am

ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ച് ഇന്ത്യ ഒമ്പതാം കിരീടം സ്വന്തമാക്കിയിരുന്നു. കലാശപ്പോരില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കിയത്. തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് സൂര്യയും സംഘവും ചാമ്പ്യന്മാരായത്.

ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് മെന്‍ ഇന്‍ ബ്ലൂ ഒരു കിരീടം കൂടെ തങ്ങളുടെ ഷെല്‍ഫില്‍ എത്തിച്ചത്. ഏഷ്യാ കപ്പില്‍ കളത്തിലിറങ്ങിയ ഏഴ് മത്സരത്തിലും അധികാരികമായ വിജയം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരങ്ങള്‍ തിരിച്ച് കയറിയത്.

ഇങ്ങനെ അപരാജിതരായി ഇന്ത്യ ടി – 20 ടൂര്‍ണമെന്റില്‍ ഒരു കിരീടം നേടുന്നത് ആദ്യമായല്ല. ഇത് നാലാം തവണയാണ് ഇന്ത്യന്‍ സംഘം തോല്‍വിയറിയാതെ കിരീടം സ്വന്തമാക്കുന്നത്. കുട്ടി ക്രിക്കറ്റില്‍ മെന്‍ ഇന്‍ ബ്ലൂ ഈയൊരു നേട്ടം ആദ്യമായി സ്വന്തമാക്കിയത് 2016 ഏഷ്യാ കപ്പിലാണ്.

അന്ന് ഫൈനലടക്കം കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ചാണ് ടീം കിരീടം ഉയര്‍ത്തിയത്. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ടീമിന് ഫൈനലില്‍ ബംഗ്ലാദേശായിരുന്നു എതിരാളികള്‍.

രണ്ടാമതായി ഈ ഫോര്‍മാറ്റില്‍ തോല്‍വിയറിയാതെ ഇന്ത്യന്‍ കിരീടം നേട്ടം 2023 ഏഷ്യന്‍ ഗെയിംസിലായിരുന്നു. അന്ന് ഫൈനലില്‍ മഴ വില്ലനായപ്പോള്‍ ടൂര്‍ണമെന്റില്‍ അപരാജിതരായ ഇന്ത്യന്‍ യുവനിര സ്വര്‍ണ മെഡല്‍ നേടുകയായിരുന്നു. യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ഇന്ത്യ ഇറങ്ങിയിരുന്നത്.

ഇന്ത്യയുടെ മറ്റൊരു അപരാജിത കുതിപ്പ് കണ്ടത് കഴിഞ്ഞ വര്‍ഷം നടന്ന ടി – 20 ലോകകപ്പിലാണ്. രോഹിത് ശര്‍മയുടെ കീഴില്‍ ഇറങ്ങിയ ടീം ടൂര്‍ണമെന്റില്‍ കളിച്ച ആറ് മത്സരങ്ങളും ജയിച്ചാണ് കിരീടം ഉയര്‍ത്തിയത്. സൗത്ത് ആഫ്രിക്കയെ തകര്‍ത്തായിരുന്നു ടീമിന്റെ ചരിത്ര കിരീട നേട്ടം.

ഇപ്പോഴിതാ വീണ്ടും തോല്‍വിയറിയാതെ ഈ നേട്ടം വീണ്ടും ഇന്ത്യ ആവര്‍ത്തിച്ചിരുന്നു. ഇതാകട്ടെ പുതിയൊരു ക്യാപ്റ്റന് കീഴിലുമാണ് സ്വന്തമാക്കിയത്. പാകിസ്ഥാനെ ത്രില്ലറില്‍ തോല്‍പ്പിച്ചാണ് ഈ ‘നാലാം വിജയം’ എന്നതാണ് ഏറെ മികവുറ്റതാക്കുന്നത്.

Content Highlight: Ind vs Pak: It’s fourth time India won trophy unbeaten in a T20I Tournament