വീണ്ടും സച്ചിനെ വീഴ്ത്തി; തോറ്റ മത്സരത്തിലും നേട്ടം കൊയ്ത് വിരാട്
Cricket
വീണ്ടും സച്ചിനെ വീഴ്ത്തി; തോറ്റ മത്സരത്തിലും നേട്ടം കൊയ്ത് വിരാട്
ഫസീഹ പി.സി.
Sunday, 18th January 2026, 11:46 pm

ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കിയിരുന്നു. ഇന്ന് ഇന്‍ഡോറില്‍ നടന്ന അവസാന മത്സരത്തില്‍ ജയിച്ചാണ് കിവീസ് ചരിത്രത്തിലാദ്യമായി ഒരു ഏകദിന പരമ്പര ഇന്ത്യയില്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 296 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ കിവീസ് വിജയവും പരമ്പരയും തങ്ങളുടെ അക്കൗണ്ടിലെത്തിച്ചു.

വഡോദരയിലെ ഏകദിനത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. താരം 108 പന്തില്‍ 124 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

വിരാട് കോഹ്ലി. Photo: BCCI/x.com

മറ്റൊരു മത്സരത്തില്‍ കൂടി സെഞ്ച്വറി നേടിയതോടെ വിരാട് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ വേദികളില്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന പട്ടമാണ് താരം തന്റെ പേരില്‍ കുറിച്ചത്. ഇതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്നാണ് എന്നതാണ് ശ്രദ്ധേയം. 36 വ്യത്യസ്ത വേദികളിലാണ് വിരാട് മൂന്നക്കം കടന്നത്. സച്ചിനാകട്ടെ 35 വേദികളിലും സെഞ്ച്വറി അടിച്ചു.

ഏറ്റവും കൂടുതല്‍ വേദികളില്‍ ഏകദിന സെഞ്ച്വറി നേടിയ താരം, എണ്ണം

വിരാട് കോഹ്‌ലി – 35

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -34

രോഹിത് ശര്‍മ – 26

റിക്കി പോണ്ടിങ് – 21

ഹാഷിം അംല – 21

എ.ബി. ഡി വില്ലിയേഴ്‌സ് – 21

കുമാര്‍ സംഗക്കാര – 20

ക്രിസ് ഗെയ്ല്‍ – 19

സനത് ജയസൂര്യ – 18

വിരാടിന് പുറമെ, ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയും അര്‍ധ സെഞ്ച്വറി നേടി. നിതീഷ് 57 പന്തില്‍ 53 റണ്‍സും ഹര്‍ഷിത് 43 പന്തില്‍ 52 റണ്‍സും സ്വന്തമാക്കി. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

കിവീസിനായി ക്രിസ് ക്ലാര്‍ക്കും സക്കറി ഫോള്‍ക്ക്സും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം ജെയ്ഡന്‍ ലെന്നോക്‌സ് രണ്ട് വിക്കറ്റും കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി ഡാരല്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി നേടി തിളങ്ങി. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സും കരസ്ഥമാക്കി. ഒപ്പം ക്യാപ്റ്റന്‍ ബ്രേസ്വെല്‍ 18 പന്തില്‍ പുറത്താവാതെ 28 റണ്‍സും ചേര്‍ത്തു.

ഡാരൽ മിച്ചലും ഗ്ലെൻ ഫിലിപ്സും.  Photo: Blackcaps/x.com

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

Content Highlight: Ind vs NZ: Virat Kohli surpassed Sachin Tendulkar in ODI century in most venues

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി