പോണ്ടിങ്ങിനെ വെട്ടി കിങ്ങിന്റെ പടയോട്ടം; സിംഹാസനം ഇനി വിരാടിന് സ്വന്തം!
Cricket
പോണ്ടിങ്ങിനെ വെട്ടി കിങ്ങിന്റെ പടയോട്ടം; സിംഹാസനം ഇനി വിരാടിന് സ്വന്തം!
ഫസീഹ പി.സി.
Sunday, 18th January 2026, 9:30 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്‍ഡോറില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്‌ലിയും കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.

സെഞ്ച്വറി അടിച്ച കോഹ്‌ലിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുന്നത്. താരം 102 പന്തില്‍ 114 റണ്‍സാണ് ഇതുവരെ സ്‌കോര്‍ ചെയ്തത്. കിവീസിനെതിരെ തന്റെ 85ാം സെഞ്ച്വറിയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കുറിച്ചത്.

ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും കോഹ്‌ലി സ്വന്തമാക്കി. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്നാണ് നേട്ടമാണ് ഇന്ത്യന്‍ ബാറ്റര്‍ തന്റെ ഷെല്‍ഫിലെത്തിച്ചത്. ഈ മത്സരത്തിലെ സെഞ്ച്വറി കിവികള്‍ക്ക് എതിരെയുള്ള കിങ്ങിന്റെ ഏഴാം സെഞ്ച്വറിയാണ്.

അതോടെയാണ് താരത്തിന് ഓസീസ് ബാറ്റര്‍ റിക്കി പോണ്ടിങ്ങിനെ പിന്തള്ളി ഒന്നാമത്തെത്താന്‍ സാധിച്ചത്. പോണ്ടിങ്ങിന് ബ്ലാക്ക് ക്യാപ്‌സിന് എതിരെ ആറ് സെഞ്ച്വറികളാണുള്ളത്.

ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍

(താരം – ടീം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 35 – 7

റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 50 – 6

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 41 – 5

സനത് ജയസൂര്യ – ശ്രീലങ്ക – 45 – 1519 – 5

അതേസമയം, വിരാടിന് പുറമെ നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയും അര്‍ധ സെഞ്ച്വറി നേടി. റെഡ്ഡി 57 പന്തില്‍ 53 റണ്‍സും റാണ 43 പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു.

നിതീഷ് കുമാര്‍ റെഡ്ഡി. Photo: BCCI/x.com

കിവീസിനായി ജെയ്ഡന്‍ ലെന്നോക്‌സും ക്രിസ് ക്ലാര്‍ക്കും സക്കറി ഫോള്‍ക്ക്സും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഒപ്പം കൈല്‍ ജാമിസണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടിയിരുന്നു. ടീമിനായി ഡാരല്‍ മിച്ചല്‍ ഗ്ലെന്‍ ഫിലിപ്‌സും സെഞ്ച്വറി അടിച്ചു. മിച്ചല്‍ 131 പന്തില്‍ 137 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 88 പന്തില്‍ 106 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം 41 പന്തില്‍ 30 റണ്‍സും മൈക്കല്‍ ബ്രേസ് വെല്‍ 18 പന്തില്‍ പുറത്താവാതെ 28 റണ്‍സും ചേര്‍ത്തു. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതവും നേടി. ഒപ്പം മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും ഓരോ വിക്കറ്റുകള്‍ വീതം പിഴുതു.

Content Highlight: Ind vs NZ: Virat Kohli surpass Ricky Ponting in most hundreds against New Zealand in ODI

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി