ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്ന് രാജ്‌കോട്ടില്‍ ഈ മത്സരം അരങ്ങേറും. നിലവില്‍ പരമ്പരയില്‍ ഇന്ത്യ 1 – 0 ന് മുന്നിലാണ്.
വഡോദരയില്‍ ഇന്ത്യന്‍ സംഘം നടത്തിയ വെടിക്കെട്ട് രണ്ടാം മത്സരത്തിലും തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഒന്നാം മത്സരത്തില്‍ വിരാട് കോഹ്‌ലി നടത്തിയ താണ്ഡവം തുടരുമെന്ന ആകാംക്ഷയിലുമാണ്.
ഈ മത്സരത്തിന് ഇറങ്ങുമ്പോള്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് വമ്പന്‍ നേട്ടമാണ്. ന്യൂസിലാന്‍ഡിനെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാടിന് മുന്നിലുള്ളത്.
വിരാട് കോഹ്‌ലി. Photo: BCCI/x.com
അതിനായി വേണ്ടതാകട്ടെ വെറുമൊരു റണ്‍സ് മാത്രമാണ്. സച്ചിൻ ടെൻഡുൽക്കറിനെ മറികടന്നാണ് താരത്തിന് ഒന്നാം സ്ഥാനം സ്വന്തമാക്കാൻ സാധിക്കുക. നിലവില്‍ ഇരുവര്‍ക്കും കിവികള്‍ക്ക് എതിരെ 1750 റണ്‍സാണുള്ളത്.
ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍
വിരാട് കോഹ്‌ലി – 1750
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 1750
വിരേന്ദര്‍ സേവാഗ് – 1157
മുഹമ്മദ് അസറുദ്ദിന്‍ – 1118
രോഹിത് ശര്‍മ – 1099
അതേസമയം, പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ സംഘം രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. വഡോദരയിലെ വിജയം ടീമിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ടീം ഇന്ത്യ – Photo: BCCI/x.com
മറുവശത്ത് രണ്ടാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ തങ്ങളുടെ സാധ്യത നിലനിര്‍ത്തുക എന്നതാണ് കിവീസിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഒന്നാം മത്സരത്തിലെ പോരാട്ടവീര്യം രാജ്കോട്ടും ബ്ലാക്ക് ക്യാപ്‌സ് പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
Content Highlight: Ind vs NZ: Virat Kohli needs one run to surpass Sachin Tendukalar to become Indian player to score most runs against New Zealand in ODI