ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി – 20 പരമ്പരയ്ക്ക് നാളെ (ജനുവരി 21) തുടക്കമാവുകയാണ്. ഈ മത്സരത്തില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ കളിക്കും. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരക്കാരനായി ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ എത്തുമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചു.
സൂപ്പര്‍ താരം ശ്രേയസ് അയ്യരെ മറികടന്നാണ് ഇഷാന്‍ മൂന്നാം നമ്പറില്‍ എത്തുന്നത്. തിലകിന് പകരക്കാരനായി കിവീസിന് എതിരെയുള്ള ആദ്യ മൂന്ന് മത്സരങ്ങളില്‍ ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, താരത്തെ പിന്തള്ളിയാണ് കിഷന്‍ വണ്‍ ഡൗണായി എത്തുമെന്ന് സൂര്യ അറിയിച്ചത്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ക്യാപ്റ്റന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇഷാന്‍ കിഷന്‍. Photo: _whyrat18/x.com
‘മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കും. അവന്‍ ലോകകപ്പ് സ്‌ക്വാഡിലുണ്ട്. അതിനാല്‍ തന്നെ അവന്‍ കളിയ്ക്കാന്‍ അര്‍ഹനാണ്,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യന്‍ ടീമിന്റെ മൂന്നാം നമ്പറില്‍ കളിക്കുന്നത് തിലക് വര്‍മയാണ്. താരം വിജയ് ഹസാരെ ട്രോഫിക്കിടെ വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് താരം ന്യൂസിലാന്‍ഡിന് എതിരെയുള്ള മൂന്ന് മത്സരങ്ങളില്‍ നിന്ന് പുറത്തായിരുന്നു.
തിലക് വര്‍മ Photo: BCCI/x.com
അതേസമയം, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിഷന്‍ ഇന്ത്യന്‍ ടി – 20 ടീമിലേക്ക് തിരിച്ചെത്തിയത്. 2023ലായിരുന്നു കിഷന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. അതിന് ശേഷം അവസരം ലഭിക്കാതിരുന്ന താരം ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. അതാകട്ടെ ടി – 20 ലോകകപ്പിനുള്ള ടീമിലേക്ക് എത്തിയാണ് താരം തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്.