ഗെയ്ലിന്റെ റെക്കോഡിനി പഴങ്കഥ; സിംഹാസനം രോഹിത് വാഴും!
Cricket
ഗെയ്ലിന്റെ റെക്കോഡിനി പഴങ്കഥ; സിംഹാസനം രോഹിത് വാഴും!
ഫസീഹ പി.സി.
Monday, 12th January 2026, 9:36 am

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിരാട് കോഹ്‌ലിയുടെ ബാറ്റിങ് കരുത്തിലാണ് മെന്‍ ഇന്‍ ബ്ലൂ കിവീസിനെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് ക്യാപ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 301റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ഇന്ത്യ ആറ് പന്ത് ബാക്കി നില്‍ക്കെ 306 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി.

രോഹിത് ശര്‍മ. Photo: BCCI/x.com

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കായി രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കിയാണ് മടങ്ങിയത്. 29 പന്തില്‍ 26 റണ്‍സായിരുന്നു ആദ്യ മത്സരത്തിലെ താരത്തിന്റെ സമ്പാദ്യം. ഈ ഇന്നിങ്‌സിനിടെ താരത്തിന്റെ ബാറ്റില്‍ നിന്ന് മൂന്ന് ഫോറടക്കം അഞ്ച് ബൗണ്ടറികള്‍ പിറന്നിരുന്നു. അതില്‍ രണ്ട് തവണയാണ് പന്ത് ഗാലറിയില്‍ എത്തിയത്.

അതോടെ രോഹിത് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഏകദിനത്തില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരം എന്ന പട്ടമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചത്. ഓപ്പണറായി 329 സിക്‌സുകള്‍ പറത്തിയാണ് താരത്തിന്റെ ഈ നേട്ടം.

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിനെ പിന്തള്ളിയാണ് രോഹിത് ഈ സൂപ്പര്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗെയ്ല്‍ ഏകദിനത്തില്‍ ഓപ്പണറായി 328 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. ഈ റെക്കോഡാണ് രോഹിത് രണ്ട് സിക്‌സുകള്‍ കൊണ്ട് തിരുത്തികുറിച്ചത്.

ഏകദിനത്തില്‍ ഓപ്പണറായി ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന താരങ്ങള്‍

(താരം – ടീം – സിക്സ് എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ്മ – ഇന്ത്യ – 329

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ്/ഐ.സി.സി – 328

സനത് ജയസൂര്യ – ശ്രീലങ്ക/ഏഷ്യ – 263

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 174

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 167

അതേസമയം, ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് കോഹ്‌ലിയാണ്. 91 പന്തില്‍ ഒരു സിക്സും എട്ട് ഫോറുമടക്കം 93 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. താരത്തിനൊപ്പം ശുഭ്മന്‍ ഗില്‍ 71 പന്തില്‍ 56 റണ്‍സും ശ്രേയസ് അയ്യര്‍ 47 പന്തില്‍ 49 റണ്‍സും നേടി.

കോഹ്‌ലി. Photo: BCCI/x.com

കിവീസിനായി കെയ്ല്‍ ജാമിസണ്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. കൂടാതെ യുവതാരങ്ങളായ ക്രിസ് ക്ലാര്‍ക്കും ആദിത്യ അശോകും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ന്യൂസിലാന്‍ഡ് നിരയില്‍ ഡാരല്‍ മിച്ചല്‍ 71 പന്തില്‍ 84 റണ്‍സുമായി മികച്ച പ്രകടനം നടത്തി. ഒപ്പം ഹെന്റി നിക്കോള്‍സും ഡെവോണ്‍ കോണ്‍വേയും അര്‍ധ സെഞ്ച്വറി നേടി. നിക്കോള്‍സ് 69 പന്തില്‍ 62 റണ്‍സും കോണ്‍വേ 67 പന്തില്‍ 56 റണ്‍സുമാണ് എടുത്തത്.

ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Ind vs NZ: Rohit Sharma surpassed Chris Gayle in openers with most sixes in ODI

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി