ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് പരമ്പരയില്‍ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം നടന്ന നെറ്റ് സെഷനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതാണ് പന്തിന് വിനയായത്.
ഒന്നാം ഏകദിനത്തിന് മുന്നോടിയായി പരിശീലനത്തിനിടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് എറിഞ്ഞ പന്ത് റിഷബിന്റെ അരക്ക് മുകളില്‍ കൊള്ളുകയായിരുന്നു. പിന്നാലെ കടുത്ത വേദന അനുഭവപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുകളും കോച്ച് ഗൗതം ഗംഭീറും പരിശോധിച്ചു. പിന്നാലെ വേദന കുറയാതെ വന്നതോടെ താരം ഗ്രൗണ്ട് വിട്ടു.
‘പന്തിന് വലതുവശത്തെ പേശികളില്‍ ആന്തരികമായ വേദനയും വിള്ളലുമുണ്ട്. അതിനാല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായി,’ പേര് വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
റിഷബ് പന്ത്. Photo: RP17 Gang™/x.com
കെ.എല്‍ രാഹുലാണ് കിവികള്‍ക്ക് എതിരെയുള്ള പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. എന്നിരുന്നാലും ഉടനെ തന്നെ പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കും.
2024ലാണ് പന്ത് അവസാനമായി ഏകദിനത്തില്‍ ഇന്ത്യക്കായി കളിച്ചത്. ആ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങിയതിന് ശേഷം താരത്തിന് അവസരം ലഭിച്ചിട്ടില്ല. 2025ലെ ചാമ്പ്യന്‍സ് ട്രോഫി ടീമിലും അവസാനമായി സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലും താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍, ഇതിലൊന്നും താരത്തിന് ഒരു മത്സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
പന്ത് പുറത്ത് പോവുന്നതോടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുങ്ങും. ലിസ്റ്റ് എ യില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിനത്തിലേക്ക് തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സഞ്ജു അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത് 2023 ലാണ്. അന്ന് സൗത്ത് ആഫ്രിക്കക്ക് എതിരെ ഇറങ്ങിയ താരം സെഞ്ച്വറി നേടിയാണ് തിരിച്ച് കയറിയത്. അതിന് ശേഷം ലിസ്റ്റ് എ യില്‍ ഈ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫിയിലാണ് താരം കളത്തില്‍ ഇറങ്ങിയത്. ആ മത്സരത്തില്‍ ഇഷാന്‍ കിഷന്റെ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി നേടിയാണ് തിരികെ കയറിയത്.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
അതേസമയം, കിവികള്‍ക്ക് എതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്നാണ് തുടക്കമാവുന്നത്. വഡോദരയാണ് ഒന്നാം ഏകദിനത്തിന്റെ വേദി. അതിന് ശേഷം ജനുവരി 14, 18 തീയതികളിലും ഇന്ത്യന്‍ ടീം ബ്ലാക്ക് ക്യാപ്‌സിനെ നേരിടും. രാജ്‌കോട്ട്, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക.