ഒന്നാം ഏകദിനത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ പരിക്കേറ്റാണ് പന്ത് പരമ്പരയില്‍ നിന്ന് പുറത്തായത്. നെറ്റ് സെഷനിടെ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റ് എറിഞ്ഞ പന്ത് റിഷബിന്റെ ശരീത്തില്‍ കൊള്ളുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതോടെ താരത്തെ ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം പരിശോധിക്കുകയും പിന്നാലെ താരം ഗ്രൗണ്ട് വിടുകയും ചെയ്തു.
റിഷബ് പന്ത്. Photo: x.com
പിന്നീട് പന്തിനെ എം.ആര്‍.ഐ സ്‌കാനിന് വിധേയനാക്കിയെന്നും ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. സ്‌കാനിങ്ങില്‍ താരത്തിന് സൈഡ് സ്‌ട്രെയിന്‍ (ഓബ്ലിക് മസില്‍ ടിയര്‍) ഉണ്ടെന്നും കണ്ടെത്തി. അതാണ് താരത്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകാന്‍ കാരണം. ആരോഗ്യം വീണ്ടെടുക്കുന്നതിനായി പന്ത് ബെംഗളൂരുവിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്ക് തിരിക്കും.
അതേസമയം, ആഭ്യന്തര ക്രിക്കറ്റിലെ മികവാണ് ധ്രുവ് ജുറെലിന് പന്തിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ താരം മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനായി ഏഴ് മത്സരങ്ങളില്‍ കളിച്ച് താരം 558 റണ്‍സാണ് നേടിയത്.
ധ്രുവ് ജുറെൽ. Photo: Manu/x.com
മികച്ച ഫോമിലാണെങ്കിലും ജുറെലിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. കെ.എല്‍ രാഹുലിനെയാണ് പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത്. അതിനാല്‍ തന്നെ താരത്തിന് അവസരം ലഭിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.