ചരിത്രമെഴുതിയ നൈറ്റ് വാച്ച്മാനായി ആകാശ് ദീപ്; ആരാണ് നൈറ്റ് വാച്ച്മാന്‍?
Sports News
ചരിത്രമെഴുതിയ നൈറ്റ് വാച്ച്മാനായി ആകാശ് ദീപ്; ആരാണ് നൈറ്റ് വാച്ച്മാന്‍?
ആദര്‍ശ് എം.കെ.
Saturday, 2nd August 2025, 7:58 pm
ടീമും ഇന്ത്യന്‍ ആരാധകരും തന്നില്‍ നിന്നും പ്രതീക്ഷിച്ചതിലേറെ നല്‍കിയാണ് ആകാശ് ദീപ് മടങ്ങിയത്. ഓവലില്‍ ഇന്ത്യ വിജയിക്കുകയും അതുവഴി പരമ്പര സമനിലയിലെത്തുകയും ചെയ്താല്‍ ഉറപ്പിച്ചുപറയാം, ഈ മത്സരം അറിയപ്പെടുക ആകാശ് ദീപെന്ന നൈറ്റ് വാച്ച്മാന്റെ പേരില്‍ തന്നെയായിരിക്കും.

 

നിസ്സംശയം പറയാം ആകാശ് ദീപ് ഒരു വിജയിച്ച നൈറ്റ് വാച്ച്മാനാണ്. ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയുടെ അഞ്ചാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന്റെ നെഞ്ചില്‍ കടുത്ത പ്രഹരമേല്‍പ്പിച്ചാണ് ഈ നൈറ്റ് വാച്ച്മാന്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

94 പന്തില്‍ 66 റണ്‍സടിച്ചാണ് ആകാശ് ദീപ് മടങ്ങിയത്. താരത്തിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ തന്നെ ഏറ്റവും മികച്ച സ്‌കോറാണിത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം കെ.എല്‍. രാഹുലിനെയും സായ് സുദര്‍ശനെയും നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നാലാം നമ്പറില്‍ നൈറ്റ് വാച്ച്മാനായി ആകാശ് ദീപ് കളത്തിലിറങ്ങിയത്.

ടീമും ഇന്ത്യന്‍ ആരാധകരും തന്നില്‍ നിന്നും പ്രതീക്ഷിച്ചതിലേറെ നല്‍കിയാണ് ആകാശ് ദീപ് മടങ്ങിയത്. ഓവലില്‍ ഇന്ത്യ വിജയിക്കുകയും അതുവഴി പരമ്പര സമനിലയിലെത്തുകയും ചെയ്താല്‍ ഉറപ്പിച്ചുപറയാം, ഈ മത്സരം അറിയപ്പെടുക ആകാശ് ദീപെന്ന നൈറ്റ് വാച്ച്മാന്റെ പേരില്‍ തന്നെയായിരിക്കും.

ആകാശ് ദീപ്

ആരാണ് നൈറ്റ് വാച്ച്മാന്‍?

ടെസ്റ്റ് മത്സരത്തില്‍ ഒരു ദിവസത്തെ മത്സരം പൂര്‍ത്തിയാകാന്‍ കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കെ, ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറി ക്രീസിലെത്തുന്ന ലോവര്‍ ഓര്‍ഡര്‍ ബാറ്ററെയാണ് നൈറ്റ് വാച്ച്മാന്‍ എന്ന് വിളിക്കുന്നത്. മത്സരത്തിന്റെ ആ ദിവസം അവസാനിക്കുന്നത് വരെ ബാറ്റിങ് തുടരുകയും വിക്കറ്റ് നഷ്ടപ്പെടാതെ കാക്കുകയുമാണ് ഒരു നൈറ്റ് വാച്ച്മാന്റെ പ്രധാന ദൗത്യം.

പ്രോപ്പര്‍ ബാറ്റര്‍മാരെ സംരക്ഷിക്കുക എന്ന തന്ത്രപ്രധാനമായ ടാക്ട്കിസാണ് നൈറ്റ് വാച്ച്മാനെ കളത്തിലിറക്കുന്നതടെ ഒരു ടീം നിര്‍വഹിക്കുന്നത്. ദിവസത്തിന്റെ അവസാനത്തോടടുക്കുമ്പോള്‍ വെളിച്ചക്കുറവ് അടക്കമുള്ള കാരണങ്ങളുള്ളതുകൊണ്ട് ബാറ്റര്‍മാരെ സംബന്ധിച്ച് സാഹചര്യം അത്രകണ്ട് നല്ലതായിരിക്കില്ല. പിറ്റേ ദിവസം രാവിലെ മത്സരം ആരംഭിക്കുമ്പോഴും അഡ്വാന്റേജ് എതിര്‍ ടീം ബൗളര്‍മാര്‍ക്കായിരിക്കും.

ഈ സാഹചര്യത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സംരക്ഷിക്കുക എന്നതാണ് നൈറ്റ് വാച്ച്മാന്റെ പ്രധാന ചുമതല. പെട്ടെന്നുള്ള ഇടവേളകളില്‍ രണ്ട് ടോപ് ഓര്‍ഡര്‍/ പ്രോപ്പര്‍ ബാറ്ററെ നഷ്ടപ്പെടുന്നതിനേക്കാള്‍ ഒരു ടീമിന് സംബന്ധിച്ച് എത്രയോ നല്ലത് ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററെയും ഒരു ടെയ്ല്‍ എന്‍ഡറെയും നഷ്ടപ്പെടുന്നതാണ്. ഇതുകൊണ്ടുതന്നെ നൈറ്റ് വാച്ച്മാന്റെ റോള്‍ അത്രത്തോളം പ്രധാന്യമര്‍ഹിക്കുന്നതുമാണ്.

റണ്‍സടിക്കുക, സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുക എന്നതിനേക്കാള്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുക എന്നതാണ് നൈറ്റ് വാച്ച്മാന്റെ ഏറ്റവും വലിയ ചുമതല.

ചരിത്രം കുറിച്ച നൈറ്റ് വാച്ച്മാന്‍

നൈറ്റ് വാച്ച്മാന്‍ എന്ന പേര് കേള്‍ക്കുന്ന ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ ആദ്യമോടിയെത്തുന്നത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജേസണ്‍ ഗില്ലെസ്പിയുടെ മുഖമാണ്. നൈറ്റ് വാച്ച്മാന്‍ എന്ന റോളിന്റെ പര്യായമായാണ് ജേസണ്‍ ഗില്ലെസ്പിയെ പല ക്രിക്കറ്റ് ആരാധകരും കണക്കാക്കുന്നത്.

ജേസണ്‍ ഗില്ലെസ്പി

ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെ സംരക്ഷിക്കാനായി കളത്തിലിറങ്ങി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഗില്ലെസ്പി ഈ റോളിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത്. ഒരു നൈറ്റ് വാച്ച്മാന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഗില്ലെസ്പിയുടെ പേരിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

2005-06 സീസണില്‍ ഓസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിലാണ് ഗില്ലെസ്പി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ വെറും 197 റണ്‍സിന് പുറത്തായിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജേസണ്‍ ഗില്ലെസ്പി, ഷെയ്ന്‍ വോണ്‍, സ്റ്റുവര്‍ട്ട് മാക്ഗില്‍ എന്നിവരുടെ കരുത്തിലാണ് കങ്കാരുക്കള്‍ ആതിഥേയരെ എറിഞ്ഞിട്ടത്

മാത്യു ഹെയ്ഡനും ഫില്‍ ജാക്വസും ആദ്യ ഇന്നിങ്‌സില്‍ കങ്കാരുക്കള്‍ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഹെയ്ഡന്‍ 56 പന്തില്‍ 29 റണ്‍സ് നേടി പുറത്തായി. ഇതോടെ മൂന്നാമനായി ഓസ്‌ട്രേലിയ നൈറ്റ് വാച്ച്മാനെ നിയോഗിച്ചു.

ആ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തത്. പ്രോപ്പര്‍ ബാറ്റര്‍മാരായ മാത്യു ഹെയ്ഡനെക്കാളും മൈക്കല്‍ ഹസിയെക്കാളും എന്തിന് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെക്കാളും റണ്ണടിച്ചത് നൈറ്റ് വാച്ച്മാനായ ഗില്ലെസ്പിയായിരുന്നു. 425 പന്ത് നേരിട്ട് പുറത്താകാതെ 201 റണ്‍സ്! 574 മിനിട്ടുകള്‍ ക്രീസില്‍ തുടര്‍ന്ന ഗില്ലെസ്പി 26 ഫോറും രണ്ട് സിക്‌സറും അടിച്ചെടുത്തു.

ജേസണ്‍ ഗില്ലെസ്പി

ആദ്യ ഇന്നിങ്‌സില്‍ പടുകൂറ്റന്‍ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സിന് പുറത്തായി. ഇതോടെ കങ്കാരുക്കള്‍ ഇന്നിങ്‌സിനും 80 റണ്‍സിനും ജയിച്ചുകയറി. കളിയിലെ താരമായി തെരഞ്ഞെടുത്തതും ഗില്ലസ്പിയെ തന്നെയായിരുന്നു.

ചരിത്രത്തില്‍ ഇടം നേടിയ മറ്റ് നൈറ്റ് വാച്ച്മാന്‍മാര്‍

പാകിസ്ഥാന്റെ നസിം ഉല്‍ ഘാനി, ഓസ്‌ട്രേലിയന്‍ താരം ടോണി മാന്‍, ഇന്ത്യന്‍ ലെജന്‍ഡ് സയ്യിദ് കിര്‍മാണി, സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം മാര്‍ക് ബൗച്ചര്‍ (രണ്ട് തവണ) എന്നിവര്‍ നൈറ്റ് വാച്ച്മാന്‍മാരായെത്തി സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

1. നസിം ഉല്‍ ഘാനി | 2. ടോണി മാന്‍ | 3. സയ്യിദ് കിര്‍മാണി | 4. മാര്‍ക് ബൗച്ചര്‍

ഓപ്പണറുടെ റോളിലും നൈറ്റ് വാച്ച്മാന്‍

അപൂര്‍വം ചില സാഹചര്യങ്ങളില്‍ ഓപ്പണറുടെ റോളിലും നൈറ്റ് വാച്ച്മാന്‍മാര്‍ കളത്തിലിറങ്ങിയിട്ടുണ്ട്. 2009ലെ ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഇത്തരമൊരു സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ലങ്കന്‍ ലെജന്‍ഡ് രംഗന ഹെറാത്താണ് ഇത്തരത്തില്‍ ഓപ്പണറായി കളത്തിലെത്തിയത്.

രംഗന ഹെറാത്ത്

സാധാരണയായി ഒമ്പതാം നമ്പറിലാണ് ഹെറാത്ത് ബാറ്റ് ചെയ്യാനെത്താറുള്ളത്. എന്നാല്‍ ദിവസത്തിന്റെ അവസാനത്തോടടുപ്പിച്ച് ശ്രീലങ്കക്ക് ഇന്നിങ്‌സ് ആരംഭിക്കേണ്ടി വന്നതോടെയാണ് ഹെറാത്ത് ഓപ്പണറായി എത്തിയത്.

ആകാശ് ദീപിന്റെ ചരിത്ര നേട്ടങ്ങള്‍

ഓവലില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ പല റെക്കോഡ് നേട്ടങ്ങളിലും ആകാശ് ദീപ് തന്റെ പേരെഴുതിച്ചേര്‍ത്തു. ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ 50+ സ്‌കോറും പത്ത് വിക്കറ്റ് നേട്ടവുമുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലടക്കം ഇടം നേടിയാണ് ആകാശ് ദീപ് തിളങ്ങിയത്.

ആകാശ് ദീപ്

ഈ റെക്കോഡിലെത്തുന്ന നാലാമത് താരമാണ് ആകാശ് ദീപ്. നേരത്തെ ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തിലാണ് ആകാശ് ദീപ് പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ഒരു എവേ ടെസ്റ്റ് പരമ്പരയില്‍ 50+ സ്‌കോറും ടെന്‍ഫറുമുള്ള ഇന്ത്യന്‍ താരങ്ങള്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ഇര്‍ഫാന്‍ പത്താന്‍ – സിംബാബ്‌വേ – 2005

ആര്‍. അശ്വിന്‍ – ശ്രീലങ്ക – 2015

ആര്‍. അശ്വിന്‍ – വെസ്റ്റ് ഇന്‍ഡീസ് – 2023

ആകാശ് ദീപ് – ഇംഗ്ലണ്ട് – 2025*

ഇതിനൊപ്പം 2000ന് ശേഷം ടെസ്റ്റില്‍ 50+ സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ നൈറ്റ് വാച്ച്മാനാകാനും ആകാശ് ദീപിന് സാധിച്ചു. രണ്ട് തവണ നേട്ടത്തിലെത്തിയ അമിത് മിശ്രയാണ് ഇതിന് മുമ്പ് ഈ റെക്കോഡ് നേടിയത്.

 

Content highlight: IND vs ENG: Who is Night Watchman IN Test cricket?

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.