സ്വന്തം മണ്ണില്‍ വീണ്ടും മറ്റൊരു ടി-20 പരമ്പരയ്ക്ക് ഇന്ത്യ കച്ച മുറുക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയാണ് ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യ ആദ്യ വൈറ്റ് ബോള്‍ സീരീസ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനം നടത്തുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിന് ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കും. ഇന്ത്യന്‍ സമയം രാത്രി 7 മണിയ്ക്കാണ് മത്സരം.
ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോഡാണ് മുംബൈ ഇന്ത്യന്‍സിന്റെ യുവതാരത്തിന് മുമ്പിലുള്ളത്.
ജോഹനാസ്‌ബെര്‍ഗില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും താരം സെഞ്ച്വറി നേടി. സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു ഇത്തവണ തിലകിന്റെ പങ്കാളി. ഇരുവരും സെഞ്ച്വറിയടിച്ച് ഇന്ത്യയെ 283 റണ്‍സിലെത്തിച്ചു.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ഇടം നേടാനും തിലക് വര്‍മയ്ക്ക് സാധിച്ചു. ഫ്രാന്‍സ് താരം ഗുസ്‌തേവ് മക്കിയോണ്‍, പ്രോട്ടിയാസ് താരം റിലി റൂസോ, ഇംഗ്ലണ്ട് വെടിക്കെട്ട് വീരന്‍ റിലി റൂസോ, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.
ഇപ്പോള്‍ ഇവര്‍ക്കാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് തിലക് വര്‍മ കണ്ണുവെയ്ക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ന്‍ ഗാര്‍ഡന്‍സിലും സെഞ്ച്വറി പൂര്‍ത്തിയാക്കി അത്യപൂര്‍വ ഹാട്രിക്കാണ് തിലക് ലക്ഷ്യമിടുന്നത്.