ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
മത്സരത്തിലുടനീളം മേൽ കൈ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് മുതലാക്കാനായിരുന്നില്ല. രണ്ടാം ഇന്നിങ്സിൽ ബുംറയടക്കമുള്ള ബൗളർമാർ ഒന്നടങ്കം നിറം മങ്ങിയതും ബെൻ ഡക്കറ്റ് – സാക്ക് ക്രോളി സഖ്യം നിലയുറപ്പിച്ചതും ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനെല്ലാം പുറമെ ഇന്ത്യയുടെ മോശം ഫീൽഡിങ്ങും തോൽവിയ്ക്ക് കാരണമായി.
ഇപ്പോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നതിനാൽ ഇംഗ്ലണ്ട് തോൽക്കേണ്ടതായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞു. താരം ഇംഗ്ലണ്ടിന്റെ റൺ ചെയ്‌സിനെയും ഡക്കറ്റിന്റെ ഇന്നിങ്സിനെയും സ്കൈ സ്പോർട്സിൽ സംസാരിക്കവെ പ്രശംസിച്ചു.
‘ഇംഗ്ലണ്ടിന് അഞ്ചാം ദിവസത്തിലുടനീളം നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കണം. അവർ ഒരിക്കലും സ്വയം സംശയിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കെതിരെ അവർ നടത്തിയത് മികച്ചൊരു റൺ ചെയ്സായിരുന്നു. ഡക്കറ്റിന്റെ 149 റൺസ് അസാധാരണമായിരുന്നു. ഈ ടീം എങ്ങനെ ഇത്തരം നേട്ടങ്ങൾ കൈവരിക്കുന്നു എന്നത് അവിശ്വസനീയമാണ്.
അഞ്ച് ദിവസത്തെ പിച്ചിൽ അവർക്ക് 371 റൺസ് ആവശ്യമായിരുന്നു, എന്നിട്ടും അവർ അത് വളരെ ശാന്തതയോടെ കൈകാര്യം ചെയ്തു. അവരുടെ കഴിവിന്റെ നിലവാരം വളരെ വലുതായിരുന്നു. ഇന്ത്യയ്ക്ക് ഒരുപാട് അവസരങ്ങൾ ലഭിച്ചതിനാൽ ഇംഗ്ലണ്ട് ഈ മത്സരം തോൽക്കേണ്ടതായിരുന്നു. പക്ഷേ ഇംഗ്ലണ്ട് കഠിനമായി പോരാടി, അവർ ഒരിക്കലും തളർന്നില്ല,’ ബ്രോഡ് പറഞ്ഞു.
അഞ്ചാം ദിവസം വിജയം നേടുക വലിയ വെല്ലുവിളിയാകുമെന്ന് തോന്നിപ്പിച്ച മത്സരത്തിൽ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഉയർത്തിയിരുന്നു ഇംഗ്ലണ്ട് ജയിച്ചുകയറിയത്. 170 പന്തില്‍ നിന്ന് 21 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 149 റണ്‍സാണ് താരം നേടിയത്. സാക്ക് ക്രോളി 65 റണ്‍സും നേടിയിരുന്നു. തുടര്‍ന്ന് ജോ റൂട്ടിന്റെയും ജയ്മി സ്മിത്തിന്റെയും മികവിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. റൂട്ട് 53* റണ്‍സും സ്മിത് 44* റണ്‍സുമാണ് നേടിയത്.
Content Highlight: Ind vs Eng: Stuart Broad talks about England win against India in the first test