ഗില്ലല്ല, വിരാടിന് അനുയോജ്യനായ പകരക്കാരൻ അവനാണ്; തെരഞ്ഞെടുപ്പുമായി സാബ കരീം
Sports News
ഗില്ലല്ല, വിരാടിന് അനുയോജ്യനായ പകരക്കാരൻ അവനാണ്; തെരഞ്ഞെടുപ്പുമായി സാബ കരീം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th June 2025, 1:57 pm

ക്രിക്കറ്റ് ആരാധകർ വലിയ ആവേശത്തോടെയാണ് ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി കാത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കായി ബി.സി.സി.ഐ നേരത്തെ തന്നെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു.

ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനെയാണ് തെരഞ്ഞെടുത്തത്. വമ്പൻ താരങ്ങൾ അരങ്ങൊഴിഞ്ഞതോടെ ഒരു യുവനിരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങുക.

സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിതെന്ന പ്രത്യേകതയുമുണ്ട്. മധ്യനിരയിൽ ഇന്ത്യയുടെ ബാറ്റിങ്ങിലെ നെടുംതൂണായിരുന്ന വിരാട് കോഹ്‌ലിയ്ക്ക് പകരം ആരാണെത്തുകയെന്നാണ് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.

ഇപ്പോൾ നാലാം സ്ഥാനത്ത് വിരാടിന് അനുയോജ്യനായ പകരക്കാരൻ കെ.എൽ രാഹുലാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബ കരീം. വിരാടിന്റെ അഭാവത്തിൽ രാഹുലിന്റെ പങ്ക് വളരെ വലുതാണെന്നും നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബാറ്റർ എന്ന നിലയിലാണ് താൻ അവനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചടികൾ നേരിട്ടാൽ രാഹുലിന് ഇരട്ട റോൾ വഹിക്കാനും ടീമിനെ മുന്നോട്ട് കൊണ്ടുപോവാനും കഴിയുമെന്നും ഇന്ത്യൻ ടീം അവനെ ആ ഉത്തരവാദിത്തം ഏൽപ്പിക്കുമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.ടി.വി യിലെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാബ കരീം.

‘വിരാടിന്റെ അഭാവത്തിൽ രാഹുലിന്റെ പങ്ക് വളരെ വലുതാണ്. നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബാറ്റർ എന്ന നിലയിലാണ് ഞാൻ അവനെ കാണുന്നത്. അവന് പലരും വ്യത്യസ്ത ബാറ്റിങ് പൊസിഷനുകൾ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, വിരാടിന് അനുയോജ്യനായ പകരക്കാരനാണ് അവനെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇന്ത്യയ്ക്ക് മത്സരത്തിൽ തിരിച്ചടികൾ നേരിട്ടാൽ നാലാം നമ്പറിൽ അവന് അത് പരിഹരിക്കുന്നതിന് ഇരട്ട റോൾ വഹിക്കാനും ടീമിനെ മുന്നോട്ട് കൊണ്ടുപോവാനും കഴിയും.

രാഹുലിന് ശരിയായ ടെക്‌നിക്കുണ്ട്. അവൻ മുമ്പ് ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അവൻ കുറച്ച് കൂടി പക്വത നേടിയിട്ടുണ്ട്. അതിനാൽ ഇന്ത്യൻ ടീം മാനേജ്മെന്റ് രാഹുലിനെ ഈ ഉത്തരവാദിത്തം ഏൽപ്പിക്കുമെന്ന് ഞാൻ കരുതുന്നു,’ കരീം പറഞ്ഞു.

Content Highlight: Ind vs Eng: Saba Karim says that KL Rahul is the ideal replacement for Virat Kohli