ബുംറയ്‌ക്കൊപ്പം ആ രണ്ട് പഴയ പടക്കുതിരകളെ കൂടി ഗില്ലിന് കൊടുക്കൂ, പരമ്പര ജയിക്കുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പ്: മുഹമ്മദ് കൈഫ്
Sports News
ബുംറയ്‌ക്കൊപ്പം ആ രണ്ട് പഴയ പടക്കുതിരകളെ കൂടി ഗില്ലിന് കൊടുക്കൂ, പരമ്പര ജയിക്കുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പ്: മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 8:20 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യ ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 371 റണ്‍സിന്റെ വിജയലക്ഷ്യം ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ട് മറികടന്നു.

സ്‌കോര്‍

ഇന്ത്യ: 471 & 364

ഇംഗ്ലണ്ട്: 465 & 373/5 (T: 371)

ജൂലൈ രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാതെ പോയതാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ആദ്യ ഇന്നിങ്‌സില്‍ ഫൈഫറുമായി തിളങ്ങിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ മങ്ങിയപ്പോള്‍ ടീമിലെ മറ്റ് ബൗളര്‍മാര്‍ ഫോം കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും നന്നേ വിഷമിച്ചു.

ഇപ്പോള്‍ ടീമിന്റെ ബൗളിങ് യൂണിറ്റിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫ്. രണ്ടാം ഇന്നിങ്‌സില്‍ ബുംറയ്‌ക്കെതിരെ ഡിഫന്‍സീവ് അപ്രോച്ച് സ്വീകരിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ മറ്റ് പേസര്‍മാരെ ആക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് സിറാജ് വളരെയധികം കഷ്ടപ്പെട്ടെന്നും തന്റെ ഹൃദയം ഉപയോഗിച്ചാണ് പന്തെറിഞ്ഞതെന്നും ആളുകള്‍ പറയുന്നു. പ്രിയപ്പെട്ടവനേ, ദയവുചെയ്ത് ഹൃദയം കൊണ്ട് പന്തെറിയരുത്, കൃത്യമായ മനസുകൊണ്ട് പന്തെറിയൂ. കൃത്യമായ ലൈനും ലെങ്ത്തും പാലിച്ചുകൊണ്ട് പന്തെറിഞ്ഞാല്‍ വിക്കറ്റ് വീഴ്ത്താന്‍ സാധിക്കും.

രണ്ടാം ഇന്നിങ്‌സില്‍ ബുംറയ്ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ല, കാരണം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഡിഫന്‍സിലേക്ക് മാറി. അവര്‍ കൃഷ്ണ (പ്രസിദ്ധ് കൃഷ്ണ), ഷര്‍ദുല്‍ (ഷര്‍ദുല്‍ താക്കൂര്‍), സിറാജ് (മുഹമ്മദ് സിറാജ്) എന്നിവരെ ആക്രമിച്ചു.

 

ഒരു സ്‌പെല്ലില്‍ ബുംറ നാലോ അഞ്ചോ ഓവര്‍ എറിയുകയാണെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ബുംറയ്‌ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചാല്‍ മറ്റ് ബൗളര്‍മാരെ അറ്റാക്ക് ചെയ്യാനാകുമെന്ന് അവര്‍ക്കറിയാം,’ കൈഫ് പറഞ്ഞു.

സൂപ്പര്‍ പേസര്‍മാരായ മുഹമ്മദ് ഷമിയെ കുറിച്ചും ഇഷാന്ത് ശര്‍മയെ കുറിച്ചും കൈഫ് സംസാരിച്ചു. ഇരുവരുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അനായാസം പരമ്പര ജയിക്കാന്‍ സാധിക്കുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

‘മുഹമ്മദ് ഷമിയെയും ഇഷാന്ത് ശര്‍മയെയും ശുഭ്മന്‍ ഗില്ലിന്റെ കൈകളില്‍ കൊടുക്കൂ. ഗില്‍ ഈ ടെസ്റ്റ് പരമ്പര വിജയിക്കുമെന്ന് എനിക്ക് ഉറപ്പുപറയാന്‍ സാധിക്കും. അവര്‍ക്ക് 20 വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടത് എങ്ങനെയാണെന്ന് വ്യക്തമായി അറിയാം,’ കൈഫ് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: IND vs ENG: Mohammed Kaif on India’s bowling unit