മുന്നില്‍ ഗവാസ്‌കര്‍ മാത്രം; സേനയില്‍ രാഹുല്‍ രണ്ടാമത്!
Tendulkar - Anderson Trophy
മുന്നില്‍ ഗവാസ്‌കര്‍ മാത്രം; സേനയില്‍ രാഹുല്‍ രണ്ടാമത്!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd August 2025, 10:58 am

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ വളരെ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് കെ.എല്‍ രാഹുല്‍. ഒരു കാലത്ത് വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ട താരമായിരുന്നു രാഹുല്‍. സെല്‍ഫിഷ് ആണെന്നും വളരെ പതുക്കെ മാത്രമേ കളിക്കുകയുള്ളുവെന്നും തുടങ്ങി ഒരുപാട് പഴികള്‍ കേട്ടിട്ടുണ്ട് ഈ 33കാരന്‍.

എന്നാല്‍ ഈ പര്യടനത്തില്‍ വളരെ വ്യത്യസ്തമായ രാഹുലിനെയാണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ അഞ്ച് മത്സരങ്ങളില്‍ താരം മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ നാല് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യന്‍ ടീമിന് മുതല്‍കൂട്ടായിരുന്നു. ഈ പ്രകടനം പക്ഷേ താരത്തിന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ചാം ടെസ്റ്റില്‍ നടത്താനായില്ല.

ഓവല്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് റണ്‍സ് മാത്രമാണ് രാഹുലിന് സ്‌കോര്‍ ചെയ്യാനായത്. അവസാന ടെസ്റ്റില്‍ വലിയ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും എന്നും ഓര്‍ത്തിരിക്കാന്‍ താരത്തിന് കഴിയുന്ന ഒരു പരമ്പരയാണിത്. ഈ പരമ്പരയിലെ പത്ത് ഇന്നിങ്‌സില്‍ കര്‍ണാടക ബാറ്റര്‍ രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് അടിച്ച് കൂട്ടിയത്.

അഞ്ച് മത്സരങ്ങളില്‍ നിന്നായി രാഹുല്‍ 532 റണ്‍സാണ് ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. ഓപ്പണിങ്ങില്‍ എത്തി 53.2 ശരാശരിയില്‍ ബാറ്റ് ചെയ്താണ് താരം ഇത്രയും റണ്‍സ് നേടിയത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രാഹുലിന് സ്വന്തമാക്കാനായി. ഒരു സേന (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍മാരില്‍ രണ്ടാമത് എത്താനാണ് വലം കൈയ്യന്‍ ബാറ്റര്‍ക്ക് സാധിച്ചത്. സുനില്‍ ഗവാസ്‌കര്‍ മാത്രമാണ് രാഹുലിന് മുന്നിലുള്ളത്.

സേന ടെസ്റ്റ് സീരിസില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

(റണ്‍സ് – താരം – പരമ്പര – വര്‍ഷം എന്നീ ക്രമത്തില്‍)

542 – സുനില്‍ ഗവാസ്‌കര്‍ – ഇന്ത്യ vs ഇംഗ്ലണ്ട് – 1979

532 – കെ.എല്‍. രാഹുല്‍ – ഇന്ത്യ vs ഇംഗ്ലണ്ട് – 2025

482 – മുരളി വിജയ് – ഇന്ത്യ vs ഓസ്‌ട്രേലിയ – 2014 -15

464 – വിരേന്ദര്‍ സേവാഗ് – ഇന്ത്യ vs ഓസ്‌ട്രേലിയ – 2003 – 04

അതേസമയം പരമ്പരയിലെ അവസാന ടെസ്റ്റ് ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 18 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. കഴിഞ്ഞ ദിവസം തന്നെ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ലീഡ് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ ഇന്ത്യയ്ക്കായി ക്രീസില്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാളും (49 പന്തില്‍ 51) നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപു (രണ്ട് പന്തില്‍ നാല്)മാണുള്ളത്. 28 പന്തില്‍ ഏഴ് റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 29 പന്തില്‍ 11 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 224 റണ്‍സ് എടുത്തിരുന്നു. കരുണ്‍ നായരുടെ അര്‍ധ സെഞ്ച്വറിയായിരുന്നു സന്ദര്‍ശകരെ 200 റണ്‍സ് കടത്തിയത്. തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 247 റണ്‍സിന് പുറത്താക്കിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനത്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ചെറിയ ലീഡില്‍ ഒതുക്കിയത്.

Content Highlight: Ind vs Eng: KL Rahul became the second most Indian opener to score most runs  in a SENA Test series