ഇത് ഗില്ലിന്റെ പുതു ഇന്ത്യ; ഇംഗ്ലണ്ടിനെ പഞ്ചറാക്കി മറികടന്നത് മൈറ്റി ഓസ്‌ട്രേലിയയെ!
Tendulkar - Anderson Trophy
ഇത് ഗില്ലിന്റെ പുതു ഇന്ത്യ; ഇംഗ്ലണ്ടിനെ പഞ്ചറാക്കി മറികടന്നത് മൈറ്റി ഓസ്‌ട്രേലിയയെ!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th July 2025, 9:17 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 16 ഓവറുകൾ പിന്നിടുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്. ഒലി പോപ്പും (44 പന്തിൽ 24), ഹാരി ബ്രൂക്കുമാണ് (15 പന്തിൽ 15) ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

സാക് ക്രോളി, ബെൻ ഡക്കറ്റ്, ജോ റൂട്ട് എന്നിവരെയാണ് ത്രീ ലയൺസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശേഷിക്കുന്ന ഒരു വിക്കറ്റെടുത്തത് മുഹമ്മദ് സിറാജാണ്.

നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് സ്വന്തമാക്കിയത്. ഇതോടെ 608 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് ഇന്ത്യ ആതിഥേയര്‍ക്ക് മുമ്പില്‍ വെച്ചു നീട്ടിയത്. നായകൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിലും വലിയ സ്കോർ കണ്ടെത്തിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസെടുത്തിരുന്നു.

ഇതോടെ ഈ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യയുടെ സ്കോർ 1014 ആയി. ഇത് ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ 1000 മുകളിൽ സ്കോർ ചെയ്യുന്നത്. അതോടൊപ്പം, ഒരു സൂപ്പർ നേട്ടത്തിലെത്താനും ഇന്ത്യയ്ക്കായി. ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമുകളുടെ പട്ടികയിൽ ഇടം പിടിക്കാനായി. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്കോർ ഈ ലിസ്റ്റിൽ നാലാമതാണ്. 56 വർഷം മുമ്പ് ഓസ്ട്രേലിയ ഉയർത്തിയ സ്കോറിനെ പിന്തള്ളിയാണ് ഇന്ത്യ നാലാമതായത്.

ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീം

(സ്കോർ – ടീം – എതിരാളി – വർഷം എന്നീ ക്രമത്തിൽ)

1121 – ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ് – 1930

1078 – പാകിസ്ഥാൻ – ഇന്ത്യ – 2006

1028 – ഓസ്ട്രേലിയ – ഇംഗ്ലണ്ട് – 1934

1014 – ഇന്ത്യ – ഇംഗ്ലണ്ട് – 2025

1013 – ഓസ്ട്രേലിയ – വെസ്റ്റ് ഇൻഡീസ് – 1969

1011 – സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 1939

ഇന്ത്യയ്ക്ക് വേണ്ടി ഇരു ഇന്നിങ്സിലും വമ്പന്‍ പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. താരം ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടി ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടി. 162 പന്തില്‍ എട്ട് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 161 റണ്‍സാണ് ഇന്ത്യൻ നായകൻ അടിച്ചു കൂട്ടിയത്.

ഗില്ലിന് പുറമെ, ആദ്യ ഇന്നിങ്സിൽ രവീന്ദ്ര ജഡേജ, ഓപ്പണർ യശസ്വി ജെയ്‌സ്വാൾ അർധ സെഞ്ച്വറി നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ 42 റൺസ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും നായകനൊപ്പം ജഡേജ തിളങ്ങിയപ്പോൾ വൈസ് ക്യാപ്റ്റൻ റിഷബ് പന്തും കെ.എൽ രാഹുലും മികവ് തെളിയിച്ചു.

Content Highlight: Ind vs Eng: India Registered their 1000 runs in a Test match and became fourth team to score most runs in a test match