7187 റണ്‍സ്! ഇന്ത്യയും ഇംഗ്ലണ്ടും അടിച്ച് കയറിയത് ചരിത്രത്തിലേക്ക്
Tendulkar - Anderson Trophy
7187 റണ്‍സ്! ഇന്ത്യയും ഇംഗ്ലണ്ടും അടിച്ച് കയറിയത് ചരിത്രത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th August 2025, 10:12 am

ആരാധകരെ ഒന്നാകെ ത്രില്ലടിപ്പിച്ചാണ് ഓവല്‍ ടെസ്റ്റ് അവസാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ഒരുപോലെ ജയസാധ്യതയുണ്ടായിരുന്ന മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തിന്റെ നെഞ്ചിടിപ്പേറ്റിയാണ് സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയത്. ആതിഥേയരായ ഇംഗ്ലണ്ട് ജയിച്ച് പരമ്പര സ്വന്തമാക്കുമെന്ന് ഏവരും ഏറെ കുറെ ഉറപ്പിച്ചിരിക്കെയാണ് ഇന്ത്യ ജേതാക്കളായത്.

ആവേശം വാനോളം ഉയര്‍ത്തിയ മത്സരത്തില്‍ ഇന്ത്യയുടെ ജയം ആറ് റണ്‍സിനായിരുന്നു. വിജയത്തില്‍ ഏറെ നിര്‍ണായകമായത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിന്റെ ഫൈഫര്‍ പ്രകടനമാണ്. ഓവലിലെ ജയത്തോടെ പരമ്പര 2- 2 എന്ന നിലയില്‍ സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

സമനിലയിലാണ് അവസാനിച്ചതെങ്കിലും ഓര്‍ത്തിരിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ചാണ് പരമ്പര കടന്നുപോയത്. ഒപ്പം ഇന്ത്യന്‍ താരങ്ങളും ഇംഗ്ലണ്ടും താരങ്ങളും നിരവധി റെക്കോഡുകള്‍ തിരുത്തികുറിക്കുകയും ചെയ്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 21 സെഞ്ച്വറികള്‍ പിറന്നപ്പോള്‍ 50+ സ്‌കോറുകള്‍ക്ക് ആരാധകര്‍ സാക്ഷിയായത് 50 തവണയാണ് .

ഇതിനൊക്കെ പിന്നാലെ ഇപ്പോള്‍ മറ്റൊരു നേട്ടവും കൂടി ഈ പരമ്പരയ്ക്ക് മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നു. ടെസ്റ്റില്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറക്കുന്ന പരമ്പര എന്ന റെക്കോഡാണ് ഇരു ടീമുകളും ചേര്‍ന്ന് കുറിച്ചത്. ഇന്ത്യയും ഇംഗ്ലണ്ടും 7187 റണ്‍സ് അടിച്ചാണ് ഈ ലിസ്റ്റില്‍ രണ്ടാമതെത്തിയത്. 1993ലെ ആഷസാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്.

ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ടെസ്റ്റ് പരമ്പരകള്‍

(റണ്‍സ് – പരമ്പര – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

7221 – ആഷസ് – ഇംഗ്ലണ്ട് – 1993

7187 – ടെന്‍ഡുല്‍ക്കര്‍ ആന്‍ഡേഴ്‌സണ്‍ ട്രോഫി – ഇംഗ്ലണ്ട് – 2025

6826 – ആഷസ് – ഓസ്‌ട്രേലിയ – 1928/29

6771 – വെസ്റ്റ് ഇന്‍ഡീസിന്റെ ഓസ്ട്രേലിയന്‍ പര്യടനം – ഓസ്‌ട്രേലിയ – 1975 /76

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടയാണ് ഗില്ലും സംഘവും ഇംഗ്ലീഷ് മണ്ണില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍, ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞെങ്കിലും ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം അന്യമായി തന്നെ നില്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യ അവസാനമായി പരമ്പര വിജയിച്ചത് 2007ലായിരുന്നു.

അതേസമയം, പരമ്പരയില്‍ ആതിഥേയരായിരുന്ന ഇംഗ്ലണ്ടിന്റെ സ്ഥിതിയും അത്ര മികച്ചതല്ല. ഇരുടീമുകളും തമ്മിലുള്ള പരമ്പരകളുടെ ചരിത്രത്തില്‍ ഇംഗ്ലണ്ടിന് വലിയ മുന്‍തൂക്കമുണ്ടെങ്കിലും അടുത്ത കാലത്ത് ഇന്ത്യയ്ക്കെതിരെ പരമ്പര വിജയം അവര്‍ക്ക് കിട്ടാക്കനിയാണ്. 2018ലെ പരമ്പരയിലാണ് ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ അവസാനമായി ജയിച്ചത്.

Content Highlight: Ind vs Eng: India and England scored 7187 runs and became second most runs scored test series