അവൻ രാഹുൽ ദ്രാവിഡിനെ ഓർമ്മിപ്പിക്കുന്നു; സൂപ്പർതാരത്തെ പ്രശംസിച്ച് ഹർഭജൻ
Sports News
അവൻ രാഹുൽ ദ്രാവിഡിനെ ഓർമ്മിപ്പിക്കുന്നു; സൂപ്പർതാരത്തെ പ്രശംസിച്ച് ഹർഭജൻ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th June 2025, 3:16 pm

ടെൻഡുൽക്കർ – ആൻഡേഴ്സൺ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ലീഡ്സിലെ ഹെഡിങ്‌ലിയില്‍ നടക്കുകയാണ്. മത്സരത്തിലെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 364 റണ്‍സിന് തളച്ച് ഇംഗ്ലണ്ട് തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. മാത്രമല്ല ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 350 റണ്‍സാണ് ത്രീ ലയണ്‍സിന്റെ വിജയലക്ഷ്യം.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് ഓപ്പണര്‍ കെ.എല്‍. രാഹുലും റിഷബ് പന്തുമാണ്. സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രാഹുല്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ 42 റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 247 പന്ത് നേരിട്ട് 18 ഫോറുകള്‍ അടക്കം 137 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ബ്രൈഡന്‍ കാഴ്‌സിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

ഇപ്പോൾ താരത്തിന്റെ ഇന്നിങ്സിനെ പ്രശംസിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ശാന്തവും ചിട്ടയായതുമായ ബാറ്റിങ്ങിന് രാഹുലിനെയും നമ്മൾ പ്രശംസിക്കണമെന്നും സാഹചര്യങ്ങൾക്ക് അനുസരിച്ച് എങ്ങനെ കളി മുന്നോട്ട് കൊണ്ടുപോവണമെന്ന് അവനറിയാമെന്നും അദ്ദേഹം പറഞ്ഞു.

താരം കളിച്ച രീതി രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ സിങ്.

‘ശാന്തവും ചിട്ടയായതുമായ ബാറ്റിങ്ങിന് രാഹുലിനെയും നമ്മൾ പ്രശംസിക്കണം. ശക്തമായ പ്രതിരോധശേഷിയുള്ള ഒരു മികച്ച കളിക്കാരനാണ അവൻ. സാഹചര്യങ്ങൾക്ക് അനുസരിച്ച് എങ്ങനെ കളി മുന്നോട്ട് കൊണ്ടുപോവണമെന്ന് അവനറിയാം.

ആദ്യ മണിക്കൂറിൽ രാഹുൽ പന്തുകളെ ലീവ് ചെയ്യുകയും ശരീരത്തോട് അടുപ്പിച്ച് കളിക്കുകയും ചെയ്തു. കൂടാതെ, നല്ല ചില ഡ്രൈവുകളും കളിച്ചു. അവൻ എന്നെ രാഹുൽ ദ്രാവിഡിനെ ഓർമിപ്പിച്ചു. മത്സരത്തിൽ അവൻ നേടിയ സെഞ്ച്വറി മികച്ചതായിരുന്നു,’ ഹർഭജൻ പറഞ്ഞു.

രാഹുലിന് പുറമെ വൈസ് ക്യാപ്റ്റൻ റിഷബ് പന്തും ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. 140 പന്ത് നേരിട്ട് 118 റണ്‍സാണ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. മധ്യ നിരയില്‍ കരുണ്‍ നായരും (20 റണ്‍സ്) ഷാര്‍ദുല്‍ താക്കൂറും (4 റണ്‍സ്) ആദ്യ ഇന്നിങ്‌സിലേത് പോലെ മികവ് പുലര്‍ത്താന്‍ സാധിക്കാതെയാണ് മടങ്ങിയത്. പന്നീട് ഇറങ്ങിയ മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

അതേസമയം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ബ്രൈഡന്‍ കാഴ്‌സും ജോഷ് ടംഗുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വേണ്ടി നേടിയത്. ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ് പ്രകടനമാണ് സ്റ്റോക്‌സ് കാഴ്ചവെച്ചത്. നാല് വിക്കറ്റുകളായിരുന്നു താരം നേടിയത്.

Content Highlight: Ind vs Eng: Harbhajan Singh says that KL Rahul reminds of Rahul Dravid